പ്രതികള്‍ രാവിലെ മുതൽ കൊല്ലം നഗരത്തിൽ?
Wednesday, November 29, 2023 2:02 AM IST
കൊല്ലം: അബിഗേൽ സാറയെ ആശ്രാമം മൈതാനത്ത് കണ്ടെത്തിയതിനു പിന്നാലെ പ്രതികള്‍ രാവിലെ മുതൽ നഗരത്തിലുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കുട്ടിയെ കണ്ടെത്തിയതിനുനേരേ എതിര്‍വശത്തുള്ള ആദായനികുതി വകുപ്പിലെ ക്വാര്‍ട്ടേഴ്സിൽ അനുമതിയില്ലാതെ കയറാൻ രണ്ട് യുവാക്കളെത്തിയത് സംശയം ബലപ്പെടുത്തുന്നു. ഇവിടെ താമസിക്കുന്ന ഇൻകം ടാക്സ് വകുപ്പിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ എൻ. തമ്പി, രാവിലെ എട്ടോടെ രണ്ട് യുവാക്കള്‍ വെള്ളകാറിൽ ക്വാര്‍ട്ടേഴ്സിന് മുന്നിലെത്തിയതായി പറയുന്നു.
സര്‍വേ നടത്താനാണു വന്നതെന്നും അകത്ത് കയറണമെന്നും ആവശ്യപ്പെട്ടു. അനുമതിയില്ലാതെ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. ഇത് കേട്ട് താൻ അങ്ങോട്ടു ചെന്നു. ഓഫീസ് കര്‍ബല ജംഗ്ഷനിലാണ്. അവിടെനിന്ന് അനുമതി വാങ്ങാതെ പറ്റില്ലെന്ന് താനും പറഞ്ഞു. ഇതോടെ യുവാക്കള്‍ സെക്യൂരിറ്റിയോട് തട്ടിക്കയറി കാറെടുത്തു പോയി. 25 വയസ് തോന്നിക്കുന്ന രണ്ട് യുവാക്കളാണ് എത്തിയത്.
വെള്ള മാരുതി കാറായിരുന്നു. മറ്റാരും ഉണ്ടായിരുന്നില്ല. സംസാരശൈലി കൊല്ലത്തുകാരുടേതു തന്നെയായിരുന്നു. രാവിലെ സുപ്രീം സൂപ്പര്‍മാര്‍ക്കറ്റിന്റെ ഗോഡൗണിന് മുന്നിലും ഈ യുവാക്കൾ എത്തിയിരുന്നതായി അറിയുന്നു. ഉച്ചയോടെ ക്വാര്‍ട്ടേഴ്സിന് എതിര്‍വശത്തു തന്നെ കുട്ടിയെ കണ്ടെത്തിയതോടെയാണ് തട്ടിക്കൊണ്ടുപോയ സംഘമാണോ ഇതെന്നെ സംശയം ബലപ്പെട്ടത്.
ഏഴു ലക്ഷം പിടിച്ചെടുത്തു
കൊല്ലം: അബിഗേലിനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപം കാർ വാഷിംഗ് സെന്റർ നടത്തുന്ന പ്രജീഷിന്റെ സ്ഥാപനത്തിലെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ ഏഴു ലക്ഷത്തിൽപരം രൂപ കണ്ടെടുത്തു.
സഞ്ചിയിൽ 500 രൂപയുടെ കെട്ടുകളായാണു പണം സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത പണം എൻഫോഴ്സ്മെന്റ് വിഭാഗത്തിനു കൈമാറാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു.