ആരോടും പകയില്ലാതെ...
Wednesday, November 29, 2023 2:02 AM IST
പ്രദീപ് ചാത്തന്നൂർ
ഓയൂർ: ആരോടും ശത്രുതയില്ലാത്ത, ആർക്കും ശത്രുതയില്ലാത്ത കുടുംബമാണ് റെജി ജോണിന്റേതെന്നാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്. നാട്ടുകാർക്ക് യാതൊരുവിധ ആക്ഷേപത്തിനും ഇടനല്കിയിട്ടില്ലാത്ത, മാതൃകാപരമായ ജീവിതമാണ് ഈ കുടുംബം നയിക്കുന്നതെന്ന് വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. അൻസാർ സാക്ഷ്യപ്പെടുത്തുന്നു.
റെജി ജോണും ഭാര്യ സിജി റെജിയും റെജിയുടെ മാതാപിതാക്കളായ ജോണും ലില്ലിയും റെജിയുടെ മക്കളായ ജോനാഥനും അബിഗേലുമാണ് ഈ വീട്ടിൽ താമസം. റെജിയുടെ കുടുംബ വീടാണിത്. റെജി കോഴഞ്ചേരി ആശുപത്രിയിൽ ഡയാലിസിസ് വിഭാഗത്തിൽ ടെക്നീഷനും സിജി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമാണ്. പള്ളിമൺ സിദ്ധാർഥ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ജോനാഥൻ. അതേ സ്കൂളിൽ ഒന്നാം ക്ലാസിലാണ് അബിഗേൽ.
കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടത്തക്ക തരത്തിൽ അതിസമ്പന്ന കുടുംബമല്ല ഇവരുടേത്. കാറിലെത്തിയ സംഘം റെജിയുടെ മക്കളല്ലേ എന്നു ചോദിച്ചാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ജോനാഥൻ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. അബിഗേലിനെ തട്ടിക്കൊണ്ടുപോയ വിവരം നാട്ടുകാരെ അറിയിച്ചതും ജോനാഥനാണ്. അയൽവാസിയായ ഒരു യുവാവ് കാറിനെ പിന്തുടരാൻ ശ്രമിച്ചെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ അതിവേഗം ഓടിച്ച് രക്ഷപ്പെട്ടു.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിൽ ദുരൂഹത ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ രാത്രി ഒരു വലിയ വീട്ടിലാണ് താമസിച്ചതെന്നും മഞ്ഞ ചുരിദാർ ധരിച്ച സ്ത്രീയും മൂന്ന് പുരുഷന്മാരും ആ വീട്ടിലുണ്ടായിരുന്നുവെന്നും അവരെ അറിയില്ലെന്നുമാണ് അബിഗേൽ പോലീസിനോട് പറഞ്ഞത്.
തട്ടിക്കൊണ്ടുപോയവർക്ക് അമ്മയുടെ ഫോൺ നമ്പർ പറഞ്ഞു കൊടുത്തത് അബിഗേൽ ആണെന്നും ബന്ധുക്കൾ പറയുന്നു.
പോലീസിനെ വട്ടംചുറ്റിച്ച തട്ടിക്കൊണ്ടുപോകൽ വളരെ ആസൂത്രിതമായ പദ്ധതിയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്ന കാർ കുളമടയിലും പള്ളിക്കലും കല്ലുവാതുക്കലും ഒടുവിൽ പുത്തൻകുളത്തും സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. പോലീസിന്റെ കണ്ണിപൊട്ടാത്ത വലയിൽനിന്നു രക്ഷപ്പെടാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നും കരുതുന്നു.