കണ്ടെത്തി, പൊന്നോമനയെ
Wednesday, November 29, 2023 2:02 AM IST
ഓയൂര്‍: ലോകമലയാളികള്‍ ഉറങ്ങാത്ത ഒരു രാപകല്‍. ആകാംക്ഷയുടെയും നെഞ്ചിടിപ്പിന്റെയും ഇരുപത്തിയൊന്നാം മണിക്കൂറില്‍ ആശ്വാസവാര്‍ത്തയെത്തി. അബിഗേല്‍ സാറാ റെജി(ആറ്)യെ സുരക്ഷിതയായി കണ്ടെത്തിയിരിക്കുന്നു.
കൊല്ലം ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമല റെജിഭവനില്‍ റെജിയുടെ വീടും മുറ്റവും റോഡും തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ജനസമുദ്രമായിരുന്നു. സ്വന്തം കുഞ്ഞിനെ കാണാതായ വേദനയോടെയാണ് നാട്ടിലും മറുനാട്ടിലും നിന്നുള്ള ജനസഞ്ചയം ഓയൂരിലേക്ക് കുതിച്ചെത്തിയത്.
വൈകുന്നേരം ജ്യേഷ്ഠന് ജോനാഥനൊപ്പം ട്യൂഷനു പോകുംവഴി 4.30ന് അബിഗേലിനെ അജ്ഞാതസംഘം കാറില്‍ അപഹരിച്ചുകൊണ്ടുപോയി എന്ന ഭയാനക വാര്‍ത്ത കേട്ട നിമിഷം തുടങ്ങിയ ജനപ്രവാഹമാണ്. ഒരുനിമിഷം വൈകാതെ തുടങ്ങി നാട്ടുകാരുടെയും ബന്ധുക്കളുടെയും തെരച്ചില്‍. അബിഗേലിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ അപഹരണവാര്ത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ പറന്നുകയറി.
അത് വായിച്ചും ഷെയര്ചെയ്തും കേരളം അന്വേഷണത്തില്‍ പങ്കാളികളായി. ആയിരത്തോളം ദേശവാസികള്‍ പോലീസിനെ അന്വേഷണത്തില്‍ സഹായിക്കാനും ഏത് ദൗത്യം ഏറ്റെടുക്കാനും തയാറായ അയല്‍ക്കാര്‍. അബിഗേലിനെ കണ്ടെത്തണമെന്ന തീവ്രമായ ആഗ്രഹത്തില്‍ ബൈക്കിലും കാറിലും ജീപ്പുകളിലുമായി യുവാക്കള്‍ ഗ്രാമവഴികളിലും കവലകളിലും റോന്തുചുറ്റി.
പുഴയോരങ്ങളിലും കാടുകളിലും കനാലുകളിലും രാത്രി പരിശോധനയായിരുന്നു. ആളൊഴിഞ്ഞ വീടുകളിലും കടത്തിണ്ണകളിലും നാടോടി സംഘങ്ങള്‍ക്കിടയിലും തെരഞ്ഞു. കൊല്ലം ജില്ലയില്‍ മാത്രമല്ല അയല്‍ജില്ലകളിലും രാത്രി ജനങ്ങള്‍ വാഹനപരിശോധനയ്ക്കും നിരീക്ഷണത്തിനുമിറങ്ങി. ഓരോ മലയാളിയുടെയും വീട്ടിലെ കുഞ്ഞുമകളായി മാറുകയായിരുന്നു അബിഗേല്‍.
ഇതേസമയം അബിഗേലിന്റെ വീട്ടില്‍ കണ്ണീരും നിലവിളിയുമായി പിതാവ് റെജിയും അമ്മ സിജിയും. കണ്മുന്പില് അനുജത്തി അപഹരിക്കപ്പെട്ട നൊമ്പരത്തോടെ കണ്ണീരൊഴുക്കുന്ന ജ്യേഷ്ഠന് ജോനാഥന്.
ആശ്വാസവാക്കുകളുമായി ബന്ധുക്കളും അയല്‍ക്കാരും ഓടിയെത്തി. മകളെ ദൈവം കാക്കും എന്ന പ്രത്യാശയുടെ വാക്കുമായി വൈദികരും മാര്‍ത്തോമാ സഭാ പ്രതിനിധികളും ഒപ്പം നിന്നു. കേരളം ടെലിവിഷനിലും വാട്സ് ആപ്പിലും ഈ നടുക്കുന്ന വാര്‍ത്തയും അന്വേഷണഗതിയും അറിഞ്ഞുകൊണ്ടിരുന്ന നിമിഷവും ഈ വീടൊന്നാകെ ഉണ്ണാതെയും ഉറങ്ങാതെയും പ്രാര്‍ഥനയിലായിരുന്നു.
പ്രിയമകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന ഉറച്ച പ്രത്യാശയില്‍ ദൈവാശ്രയത്തോടെ ഈ കുടുംബം രാത്രിയും ഇന്നലെ ഉച്ചവരെയും പ്രാര്‍ഥനയിലായിരുന്നു. പ്രാര്‍ഥനയില്‍ ഇവര്‍ക്ക് ബലം നല്കാന് വിവിധ ക്രൈസ്തവ സഭകളിലെ വൈദികരും വീട്ടിലുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മകള്‍ സുരക്ഷിതയായി കൊല്ലം ആശ്രാമം മൈതാനത്ത് ഇരിക്കുന്നുവെന്ന വാര്‍ത്ത സിജിയുടെ ഫോണില്‍ എത്തുകയും അത് മകള്‍തന്നെയാണെന്ന് ഫോട്ടോയില്‍ ഉറപ്പുവരുത്തുകയും ചെയ്തു.
മകളെ ദൈവം കാത്തുവെന്ന ആശ്വാസത്തില്‍ ആ വീടൊന്നാകെ മുട്ടുകുത്തിയും കൈകള്കൂപ്പിയും ദൈവത്തിനു നന്ദി പറഞ്ഞു. ഇതേസമയം വീട്ടുമുറ്റത്തും പരിസരത്തുമായി അയ്യായിരത്തിലേറെ ജനങ്ങള്‍ ആശ്വാസംകൊണ്ടു.
വൈദ്യപരിശോധനയ്ക്കും പോലീസ് നടപടികള്ക്കുംശേഷം അബിഗേല്‍ സ്വന്തം വീട്ടിലേക്കും അവരുടെ സുരക്ഷിത കരങ്ങളിലേക്കും മടങ്ങിവന്നപ്പോള്‍ ജനം ആര്‍പ്പുവിളിച്ചു. പൂയപ്പള്ളിയില്‍ ഉയര്‍ന്ന ആരവം ഒരു ദേശത്തിന്റെ ഒരുമയുടെ വികാരപ്രകടനം കൂടിയായിരുന്നു.
കുട്ടികളെ കരുതാൻ
കുട്ടികള്‍
☛ അപരിചിതര്‍ അടുപ്പം കാണിച്ച് മിഠായികളോ പലഹാരങ്ങളോ പാനീയങ്ങളോ നല്കിയാല് സ്വീകരിക്കാതിരിക്കുക.
☛ നാടോടി സംഘങ്ങളുമായി അകലം പാലിക്കുക, ഇത്തരക്കാരെ അകറ്റി നിര്‍ത്തുക.
☛ കൊച്ചു കുട്ടികളെ മുറ്റത്തും മറ്റും തനിച്ച് കളിക്കാന്‍ വിടാതിരിക്കുക.
☛ ചെറിയ ക്ലാസിലെ കുട്ടികള്‍ ഒരുമിച്ച് പോകുവാന്‍ ശ്രദ്ധിക്കുക.
☛ രാത്രികാല ട്യൂഷന് രക്ഷിതാക്കള്‍ കൂടെ പോകുക.
☛ സ്കൂള്‍ വളപ്പില്‍ ലഹരി വില്പനയുണ്ടെങ്കില് ബന്ധപ്പെട്ടവരെ അറിയിക്കുക.
☛ സിപ്പ് അപ്പ്, സിഗരറ്റ് മിഠായി തുടങ്ങിയവയില്‍ കരുതലുണ്ടാകുക.
☛ അപരിചിത വാഹനങ്ങളോ വ്യക്തികളോ അപകട സാധ്യതയുണ്ടാക്കുന്നുണ്ടെങ്കില് മറ്റുള്ളവരെ അറിയിക്കുക.
രക്ഷിതാക്കള്‍
☛ അപരിചിതരുമായി കുട്ടികള്‍ അടുപ്പം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കുക.
☛ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.
☛ കുട്ടികള്‍ തനിച്ചും കൂട്ടുകാരൊത്തും പുറത്തു പോകുമ്പോള്‍ എവിടെ പോകുന്നു എങ്ങനെ പോകുന്നു എന്ന് മാതാപിതാക്കള്‍ കൃത്യമായി അറിഞ്ഞിരിക്കണം.