ഏഴു ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ട് ഗവർണർ
Wednesday, November 29, 2023 2:02 AM IST
തിരുവനന്തപുരം: ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരേയുള്ള സംസ്ഥാന സർക്കാരിന്റെ കേസ് ഇന്നു സുപ്രീംകോടതി പരിഗണിക്കാനിരിക്കേ വിവാദമായ ലോകായുക്ത ഭേദഗതി ബില്ലും സർവകലാശാല ഭേദഗതി ബില്ലും അടക്കമുള്ള ഏഴു ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാൻ ഗവർണറുടെ തീരുമാനം.
അഴിമതിനിരോധന സംവിധാനമായ ലോകായുക്തയുടെ അധികാരത്തിന്റെ ചിറകരിയുന്ന ലോകായുക്ത ഭേദഗതി ബില്ലും സർവകലാശാല ചാൻസലർസ്ഥാനത്തുനിന്നു ഗവർണറെ ഒഴിവാക്കുന്നത് അടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെട്ട സർവകലാശാല ഭേദഗതി ബില്ലുകളും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നവയുടെ പട്ടികയിലുണ്ട്. ഇത്രയധികം ബില്ലുകൾ ഒരുമിച്ചു രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നതും സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്.
അതിനിടെ, ഏറെ പരാതി ഉയർന്ന പൊതുജനാരോഗ്യ ബിൽ- 2021 ഗവർണർ അംഗീകരിച്ചു. നിയമസഭ പാസാക്കിയ ഈ എട്ടു ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു സംസ്ഥാന സർക്കാർ
സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന പഞ്ചാബ് ഗവർണറുടേത് അടക്കമുള്ള നടപടിക്കെതിരേ സുപ്രീംകോടതി വിമർശനം വന്നതിനു പിന്നാലെയാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി.
പഞ്ചാബ് ഗവർണറുടെ വിധി പഠിക്കാൻ കേരള രാജ്ഭവൻ അഡീഷണൽ ചീഫ് സെക്രട്ടറിയോടു സുപ്രീംകോടതി നിർദേശിച്ചിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന സുപ്രീംകോടതി നിരീക്ഷണവും ഇതിലുണ്ടായിരുന്നു.
ഇന്നലെ ഡൽഹിക്കു മടങ്ങാനിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യാത്ര റദ്ദാക്കിയാണ് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനും ഒരെണ്ണത്തിൽ ഒപ്പിടാനും തീരുമാനിച്ചത്. നാളെ അദ്ദേഹം മഹാരാഷ്ട്രയ്ക്കു പോകും.
ലോകായുക്തയുടെ അധികാരം കവർന്ന്, ഒരു സർക്കാർ വകുപ്പിന്റെ തലത്തിലേക്കു ഭരണഘടനാ സ്ഥാപനത്തെ ചുരുക്കുന്നു എന്ന വിമർശനം നേരിട്ട ലോകായുക്ത നിയമഭേദഗതിയാണു ഗവർണർ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കാൻ തീരുമാനിച്ചതിൽ പ്രധാനം.
സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ ഒഴിവാക്കി പകരം പൊതുമണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ ചാൻസലർമാരായി നിയമിക്കുന്നതിനുള്ള യൂണിവേഴ്സിറ്റി നിയമ ഭേദഗതി, വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിൽ സർക്കാരിന് മേൽക്കൈ നൽകുന്ന ബിൽ, സർവകലാശാല അപ്പലേറ്റ് അഥോറിറ്റി സംബന്ധിച്ച ബിൽ എന്നിവയും രാഷ്ട്രപതിക്ക് അയയ്ക്കും. ഗവർണർകൂടി ഉൾപ്പെടുന്ന നിയമ ഭേദഗതികളിൽ രാഷ്ട്രപതി തീരുമാനമെടുക്കുന്നതാണ് ഉചിതം എന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
മിൽമയുടെ അധികാരം പിടിച്ചെടുക്കാനുള്ള ഇടതുമുന്നണി നീക്കത്തിന്റെ ഭാഗമായി പാൽ സഹകരണ സംഘങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്ക് വോട്ടവകാശം നൽകിയുള്ള സർക്കാരിന്റെ സഹകരണ നിയമഭേദഗതി ബില്ലും രാഷ്ട്രപതിക്ക് അയയ്ക്കുന്നവയുടെ പട്ടികയിലുണ്ട്. ഈ ബില്ലിനെതിരേ കോണ്ഗ്രസ് കോടതിയെ സമീപിച്ചിരുന്നു.
രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ബില്ലുകൾ:
സർവകലാശാല നിയമ ഭേദഗതി ബിൽ- 2021 (2 എണ്ണം), ലോകായുക്ത ഭേദഗതി ബിൽ, ഗവർണറുടെ അധികാരം കവരുന്ന സർവകലാശാല ഭേദഗതി ബിൽ- 2022 (2 എണ്ണം), സർവകലാശാല സേർച്ച് കമ്മിറ്റി വിപുലീകരണ ബിൽ, സഹകരണ നിയമഭേദഗതി ബിൽ (മിൽമ).