ഭൂപതിവു ഭേദഗതി ബില്ലും മാലിന്യം തള്ളുന്നവർക്കു ശിക്ഷ നൽകുന്ന രണ്ട് ഓർഡിനൻസും ഗവർണറുടെ പരിഗണനയിൽ
Wednesday, November 29, 2023 2:02 AM IST
തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി പ്രശ്നത്തിനു പരിഹാരം കാണാനുള്ള ഭൂപതിവു ഭേദഗതി ബില്ലും പൊതുസ്ഥലത്തും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവർക്ക് തടവും പിഴയും ശിപാർശ ചെയ്യുന്ന രണ്ട് ഓർഡിനൻസുകളും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിഗണിക്കുന്നു. ഇവയുമായി ബന്ധപ്പെട്ട സർക്കാർ വിശദീകരണങ്ങൾ ഗവർണർ പരിശോധിച്ചുവരികയാണ്.
ഇതു കൂടാതെ രണ്ട് പിഎസ്സി അംഗങ്ങളുടെ നിയമന ശിപാർശ ഫയലും ഗവർണർ പരിഗണിക്കുന്നുണ്ട്. ഇവർക്കെതിരേ ഉയർന്ന പരാതികളിൽ ഗവർണർ സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
1955ലെ ട്രാവൻകൂർ കൊച്ചിൻ ആക്ടും മദ്രാസ് മേഖലയിലെ 1939 ലെ മദ്രാസ് ഹോസ്പിറ്റൽ ആക്ടും സംയോജിപ്പിച്ചുള്ള കേരള പൊതുജനാരോഗ്യ ബിൽ- 2021ലാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്നലെ ഒപ്പുവച്ചത്.
സർക്കാർ വിജ്ഞാപനം ചെയ്യുന്ന പകർച്ചവ്യാധികളുടെ പ്രതിരോധവും ചികിത്സയുമൊക്കെ ബില്ലിന്റെ പരിധിയിൽ വരും. മോഡേണ്‍ മെഡിസിൻ (അലോപ്പതി) വിഭാഗത്തിനു പ്രാമുഖ്യം നൽകുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.