കുട്ടികളെ റോഡരികിൽ നിർത്തിയ സംഭവം; പ്രധാനാധ്യാപകനു കാരണം കാണിക്കൽ നോട്ടീസ് നല്കി സർക്കാർ തലയൂരി
Wednesday, November 29, 2023 2:02 AM IST
തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനായി സ്കൂൾ കുട്ടികളെ പൊരിവെയിലിൽ നിർത്തിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരേ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചതിനു പിന്നാലെ സ്കൂളിലെ പ്രധാന അധ്യാപകനു നോട്ടീസ് നല്കി വിദ്യാഭ്യാസ വകുപ്പ്.
മലപ്പുറം എടപ്പാൾ തുയ്യം ജിഎൽപി സ്കൂളിലെ പ്രധാനാധ്യാപകൻ സേതുമാധവൻ കടാട്ടിനാണു പൊതുവിദ്യാഭ്യാസ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നല്കിയത്.
നവകേരള സദസുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ പങ്കെടുപ്പിക്കരുതെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം വ്യക്തമായ നിർദേശം നല്കിയിട്ടും പ്രധാനാധ്യാപകൻ വിദ്യാർഥികളെ നട്ടുച്ചയ്ക്ക് ഏറെ നേരം റോഡരികിൽ നിർത്തിയതായി നോട്ടീസിൽ പറയുന്നു.ഏഴു ദിവസത്തിനുള്ളിൽ കാരണം ബോധിപ്പിക്കണമെന്നാണു നോട്ടീസിൽ പറയുന്നത്.