കേരളവര്‍മ ഇലക്ഷന്: എസ്എഫ്ഐക്കു തിരിച്ചടി
Wednesday, November 29, 2023 2:02 AM IST
കൊച്ചി: തൃശൂര്‍ കേരളവര്‍മ കോളജ് യൂണിയന് ഇലക്ഷനില്‍ ചെയര്മാന് സ്ഥാനത്തേക്ക് എസ്എഫ്ഐയിലെ കെ.എസ്. അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ചെയര്മാന് സ്ഥാനത്തേക്കുള്ള വോട്ടെണ്ണലും റീകൗണ്ടിംഗും നിയമപ്രകാരമല്ലെന്നു വിലയിരുത്തിയാണ് തീരുമാനം.
വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹര്‍ജിക്കാരന്റ ആവശ്യം തള്ളിയ കോടതി വീണ്ടും വോട്ടെണ്ണി ഫലം പ്രഖ്യാപിക്കാന്‍ ഉത്തരവിട്ടു. വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ചു കെഎസ്യുവിന്റെ ചെയര്മാന് സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടന് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ടി.ആര്. രവിയാണ് ഉത്തരവ് നല്‍കിയത്.
അസാധുവോട്ടുകള്‍ റിട്ടേണിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി മാറ്റിവച്ചില്ലെന്നു കോടതി നിരീക്ഷിച്ചു. എല്ലാ പോസ്റ്റുകളിലെയും വോട്ടുകള്‍ ഒരു ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തണമെന്നതിനാല്‍ ഒരു പോസ്റ്റിലെ അസാധുവോട്ടുകളുടെ പേരില്‍ ബാലറ്റ് പേപ്പര്‍ മാറ്റിവയ്ക്കാനാകില്ലെന്നായിരുന്നു അധികൃതരുടെ വാദം. ബാലറ്റ് പേപ്പര്‍ മാറ്റിവയ്ക്കാനായില്ലെങ്കിലും അസാധുവോട്ടുകള്‍ റിട്ടേണിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ പാലിക്കണമായിരുന്നു.
നടപടിക്രമങ്ങള്‍ പാലിച്ചല്ല വോട്ടെണ്ണിയതെന്ന് റിട്ടേണിംഗ് ഓഫീസര്‍ സമ്മതിച്ചിട്ടുണ്ട്. അസാധുവോട്ടുകള്‍ റീകൗണ്ടിംഗില്‍ സാധുവായ വോട്ടുകള്‍ക്കൊപ്പം കൂട്ടിക്കലര്‍ത്തി വീണ്ടും എണ്ണി. ഇതു സര്‍വകലാശാലയുടെ ബൈലോയ്ക്ക് വിരുദ്ധമാണ്.
വോട്ടെണ്ണലിനിടെ അസാധുവോട്ടുകള്‍ സാധുവായി കണക്കാക്കിയെന്നാരോപിച്ചു സ്ഥാനാര്‍ഥിക്ക് റീകൗണ്ടിംഗ് ആവശ്യപ്പെടാം. എന്നാല്‍ അനിരുദ്ധന്റെ അപേക്ഷയില്‍ വോട്ടെണ്ണലില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്നു മാത്രമാണ് പറയുന്നത്.
നോട്ടയുടെ വോട്ടുകളില്‍ ഒന്നു കുറഞ്ഞതും റീകൗണ്ടിംഗില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നതിന്റെ തെളിവാണ്. വോട്ടെണ്ണലില്‍ മാത്രമാണു തര്‍ക്കമെന്നതിനാല്‍ വീണ്ടും ഇലക്ഷന് നടത്തണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം അനുവദിക്കാന്‍ കഴിയില്ല.
ആദ്യവോട്ടെണ്ണലില് ശ്രീക്കുട്ടന് 896 വോട്ടുകളും അനിരുദ്ധന് 895 വോട്ടുകളുമാണ് ലഭിച്ചത്. ശ്രീക്കുട്ടന് ഒരു വോട്ടിന് ജയിച്ചെന്ന് ആദ്യഫലവും വന്നിരുന്നു. എന്നാല്‍ റീകൗണ്ടിംഗില്‍ അനിരുദ്ധന് 899 വോട്ടുകളും ശ്രീക്കുട്ടന് 889 വോട്ടുകളും കിട്ടിയതോടെ പത്തു വോട്ടുകള്‍ക്ക് അനിരുദ്ധന് ജയിച്ചതായി പ്രഖ്യാപിച്ചു. തുടര്‍ന്നാണു വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ശ്രീക്കുട്ടന് ഹര്‍ജി നല്‍കിയത്.
റീകൗണ്ടിംഗ് നിർത്താന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടെങ്കിലും കോളജ് മാനേജരായ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് റീകൗണ്ടിംഗ് തുടരാന്‍ നിര്‍ദേശിച്ചെന്നും ഇതു ബാഹ്യ ഇടപെടലാണെന്നും ഹര്ജിക്കാരന് വാദിച്ചു. മാത്രമല്ല, ആദ്യ വോട്ടെണ്ണലിലെ 23 അസാധുവോട്ടുകള്‍ റീകൗണ്ടിംഗില്‍ 27 വോട്ടുകളായി വര്‍ധിച്ചു. നോട്ടയ്ക്കു ലഭിച്ച 19 വോട്ടുകള്‍ റീകൗണ്ടിംഗില്‍ 18 ആയി കുറഞ്ഞതായും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
സര്‍വകലാശാല ബൈലോ പ്രകാരം റീകൗണ്ടിംഗില്‍ സാധുവായ വോട്ടുകള്‍ മാത്രമാണ് എണ്ണാനാവുകയെന്നും ആദ്യവോട്ടെണ്ണലില് അസാധുവെന്നു കണ്ടെത്തിയ വോട്ടുകള്‍ വീണ്ടുമെണ്ണാന് കഴിയില്ലെന്നും വാദമുയർത്തി.