ദളിത് ക്രൈസ്തവർ നടത്തുന്നത് നിഷേധിക്കപ്പെട്ട അവകാശങ്ങൾക്കു വേണ്ടിയുള്ള സമരം: ആർച്ച് ബിഷപ് ഡോ. തോമസ്. ജെ നെറ്റോ
Wednesday, November 29, 2023 2:02 AM IST
തിരുവനന്തപുരം: ദളിത് ക്രൈസ്തവർക്ക് പതിറ്റാണ്ടുകളായി നിഷേധിച്ച അവകാശങ്ങൾക്കു വേണ്ടിയുള്ള സമരമാണു നടത്തുന്നതെന്നു ലത്തീൻ തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോ.
ദളിത് ക്രൈസ്തവ ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്. അധികാരികളുടെ ഭാഗത്തുനിന്നു നീതി ലഭിക്കാനായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഈ മാർച്ച്. ദളിത് ക്രൈസ്തവ സമൂഹത്തോട് അധികാരികൾ കാലാകാലങ്ങളായി നീതി നിഷേധമാണു നടത്തുന്നത്.
ഈ മാർച്ച് ഒരു പ്രതീകാത്മകസമരമാണ്. ദളിത് ക്രൈസ്തവർക്കു ലഭിക്കേണ്ട ന്യായമായ അകവാശങ്ങൾ ലഭ്യമാക്കണമെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിനു മുന്നിൽനിന്ന് ആരംഭിച്ച സെക്രട്ടേറിയറ്റ് മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിച്ചു.
തുടർന്നു നടന്ന ധർണ ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നും ദളിത് ക്രൈസ്തവരുടെ വിഷയങ്ങളിൽ കോണ്ഗ്രസ് എപ്പോഴും അനുകൂല നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടുന്ന ക്രൈസ്തവ വിദ്യാർഥികൾക്ക് 1957 മുതൽ ലഭിച്ചുകൊണ്ടിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പിന്നാക്ക വിഭാഗ വികസന വകുപ്പ് നിഷേധിച്ചത് പിൻവലിക്കുക, ദളിത് ക്രൈസ്തവരുടെ ഭരണഘടനാ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ പ്രത്യേക പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന് നല്കുക, ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സെക്രട്ടേറിയറ്റ് മാർച്ച് .
ബിഷപ് ഗീവർഗീസ് മാർ അപ്രേം മുഖ്യപ്രഭാഷണം നടത്തി. ഡിസിഎംഎസ് സംസ്ഥാന ഡയറക്ടറും ദളിത് ക്രൈസ്തവ സമരസമിതി രക്ഷാധികാരിയുമായ ഫാ.ജോസ് വടക്കേക്കുറ്റ് സ്വാഗതം ആശംസിച്ചു.
ഡിസിഎംഎസ് മുൻ സംസ്ഥാന ഡയറക്ടർ ഫാ. ജോണ് അരീക്കൽ, കെഎൽസിഡിസി സിസിസി കമ്മീഷൻ സെക്രട്ടറി ഫാ. ജോണ്സണ് പുത്തൻവീട്ടിൽ, കെഎൽസിഎ സംസ്ഥാന സെക്രട്ടറി ബിജു ജോസി, ദളിത് ക്രൈസ്തവ സമരസമിതി ചെയർമാൻ ജെയിംസ് ഇലവുങ്കൽ, കണ്വീനർ ഷിബു ജോസഫ്, കോ-ഓർഡിനേറ്റർ സണ്ണി കാഞ്ഞിരം, കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ സമിതിയംഗം ജേക്കബ് നിക്കോളാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.