അപ്രതീക്ഷിത തിരിച്ചടിയിൽ പകച്ച് എസ്എഫ്ഐ, ശുഭപ്രതീക്ഷയോടെ കെഎസ്യു
Wednesday, November 29, 2023 2:02 AM IST
തൃശൂർ: കേരളവർമ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ ചെയർമാൻസ്ഥാനത്തേക്ക് എസ്എഫ്ഐ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചതു റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടതോടെ അപ്രതീക്ഷിതതിരിച്ചടിയിൽ പതറിഎസ്എഫ്ഐ നേതൃത്വം. റീകൗണ്ടിംഗിനു ഹൈക്കോടതി ഉത്തരവിട്ടതോടെ കെഎസ്യു ക്യാന്പ് ശുഭപ്രതീക്ഷയിലാണ്.
കെഎസ്യു സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണു എസ്എഫ്ഐക്കു നിരാശയും കെഎസ്യുവിനു പ്രത്യാശയും നൽകുന്ന കോടതിനടപടിയുണ്ടായിരിക്കുന്നത്.
കേരളവർമ കോളജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യുവിന്റെ ചെയർമാൻസ്ഥാനാർഥിയായ മൂന്നാംവർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി എസ്. ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തുകയായിരുന്നു. ശ്രീക്കുട്ടൻ 896 വോട്ടും എസ്എഫ്ഐയിലെ അനിരുദ്ധൻ 895 വോട്ടും നേടിയെന്നായിരുന്നു ആദ്യ അറിയിപ്പ്.
എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് തുടങ്ങിയെങ്കിലും റീകൗണ്ടിംഗിനിടെ രണ്ടു തവണ വൈദ്യുതി തടസപ്പെട്ടു. ഒടുവിൽ എസ്എഫ്ഐ സ്ഥാനാർഥി 11 വോട്ടുകൾക്കു വിജയിച്ചതായി രാത്രി വൈകി പ്രഖ്യാപിച്ചു. ഇതിനെതിരേ ശ്രീക്കുട്ടൻ നൽകിയ തെരഞ്ഞെടുപ്പ് ഹർജിയിലാണ് കോടതി ഉത്തരവ്.
കോടതിയുടെ തീരുമാനത്തിൽ വലിയ സന്തോഷമുണ്ടെന്നു ശ്രീക്കുട്ടൻ പ്രതികരിച്ചു. വൈദ്യുതി ഇല്ലാത്ത സമയത്ത് റീകൗണ്ടിംഗ് നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ശ്രീക്കുട്ടൻ അധികൃതർക്കു മുന്നിലെത്തിയെങ്കിലും പരിഗണിച്ചിരുന്നില്ല.
റീകൗണ്ടിംഗിൽ കൃത്രിമം കാട്ടാൻ എസ്എഫ്ഐ ശ്രമിക്കുന്നതായി കെഎസ്യു പ്രവർത്തകർ ആരോപിച്ചതും ഇതു ചോദ്യം ചെയ്തതും നേരിയ സംഘർഷത്തിലെത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് കൗണ്ടിംഗ് നിർത്തിവയ്ക്കണമെന്നു കോളജ് പ്രിൻസിപ്പലും പോലീസും ആവശ്യപ്പെട്ടെങ്കിലും റിട്ടേണിംഗ് ഓഫിസർ തയാറായില്ല.
41 വർഷത്തിനുശേഷം ഇവിടെ ഒരു ജനറൽ സീറ്റിൽ വിജയിച്ചെന്നായിരുന്നു കെഎസ്യുവിന്റെ പ്രഖ്യാപനം. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ജയം തോൽവിയായി മാറിയ പ്രഖ്യാപനം വന്നതോടെ ശ്രീക്കുട്ടന്റെ സന്തോഷക്കണ്ണീരിനും സങ്കടക്കണ്ണീരിനും കേരളവർമ കാന്പസ് സാക്ഷ്യം വഹിച്ചു.