അഗ്നിവീർ ട്രെയിനി മുംബൈയിൽ ജീവനൊടുക്കിയ നിലയിൽ
Wednesday, November 29, 2023 2:02 AM IST
അടൂർ: നാവികസേനയിൽ അഗ്നിവീർ പരിശീലനത്തിനു പോയ യുവതിയെ മുംബൈയിൽ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
അടൂർ, പള്ളിക്കൽ തോട്ടുവ ഉദയമംഗലം വീട്ടിൽ ശാന്തകുമാരൻ നായരുടെയും വിമലയുടെയും മകൾ അപർണ വി. നായരെയാണു (20) മൽവാനിയിലെ നാവികസേനാ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക പരിശീലനത്തിനുശേഷം രണ്ടാഴ്ച മുമ്പാണ് അപർണ മുംബൈയിലെത്തിയത്. ഐഎൻഎസ് ഹംലയിൽ പരിശീലനത്തിലായിരുന്നു.
തിങ്കളാഴ്ച രാവിലെ 10.30 ന് കൂടെ താമസിക്കുന്ന പെൺകുട്ടി എത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയിരുന്നു. വിളിച്ചിട്ടും തുറന്നില്ല. വിവരം അറിയിച്ചതിനെത്തുടർന്ന് മറ്റുള്ളവരെത്തി വാതിൽ കുത്തിത്തുറക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണത്തെത്തുടർന്നാകാം ആത്മഹത്യയെന്നു സംശയിക്കുന്നതായി നാവികസേനാ വൃത്തങ്ങൾ പറഞ്ഞു. മൽവാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാവികസേനയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഏക സഹോദരൻ: വിഷ്ണു (ഇംഗ്ലണ്ട് ). സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.