തിരുവനന്തപുരത്തു വനിതാ റസ്റ്റ് ഹൗസ് വരുന്നു
Wednesday, November 29, 2023 12:56 AM IST
തിരുവനന്തപുരം: തലസ്ഥാനത്തെത്തുന്ന സ്ത്രീകൾക്കായി പൊതുമരാമത്ത് വകുപ്പ് പുതിയ റെസ്റ്റ് ഹൗസ് നിർമിക്കും. തൈക്കാട് റസ്റ്റ് ഹൗസ് കോന്പൗണ്ടിലാണ് സ്ത്രീകൾക്കു മാത്രമായി വിശ്രമ മന്ദിരം നിർമ്മിക്കുന്നത്. ഇതിനായി 2.25 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി.
സംസ്ഥാനത്തെ റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റെസ്റ്റ് ഹൗസ് ആക്കുന്നതിന്റെ ഭാഗമായി വനിതാ റസ്റ്റ് ഹൗസുകൾ നിർമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. തലസ്ഥാനത്ത് വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന വനിതകൾക്ക് ഗുണകരമായി ഈ റെസ്റ്റ് ഹൗസ് ഭാവിയിൽ മാറും. 2025ൽ റസ്റ്റ് ഹൗസ് യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
നവകേരളത്തിനുള്ള പൊതുമരാമത്ത് വകുപ്പിന്റെ സമ്മാനം ആണ് വനിതാ റെസ്റ്റ് ഹൗസ് നിർമാണ അനുമതിയെന്ന് മന്ത്രി റിയാസ് പറഞ്ഞു.