രണ്ട് വീടുകളിൽ പോലീസ് പരിശോധന
Wednesday, November 29, 2023 12:56 AM IST
കൊല്ലം: ഓയൂരിൽനിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയവരെ പിടികൂടുന്നതിന്റെ ഭാഗമായി പോലീസ് രണ്ട് വീടുകളിൽ പരിശോധന നടത്തി.
പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ചന്ദനത്തോപ്പ് കുഴിയത്തെ ഒരു വീട്ടിലാണ് ആദ്യം പരിശോധന നടത്തിയത്. ഈ വീട്ടിൽ താമസിക്കുന്നയാൾ നേരത്തേ മറ്റൊരു കേസിൽ പ്രതിയായിരുന്നു. മറ്റ് സൂചനകൾ ഒന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചില്ല.
വൈകുന്നേരം തിരുവനന്തപുരം കല്ലമ്പലത്തെ ഒരു വീട്ടിലും പരിശോധന നടന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തുന്നതിന്റെ ഭാഗമായിരുന്നു ഈ പരിശോധന.
അതേസമയം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കുന്നതിന് മുമ്പ് സമീപത്തെ ഇൻകം ടാക്സ് ക്വാർട്ടേഴ്സ് വളപ്പിലേക്ക് കയറ്റാൻ ശ്രമിച്ചതായും വിവരമുണ്ട്.
കുട്ടിയുമായി എത്തിയത് രണ്ട് പുരുഷന്മാരാണെന്നും ദൃക്സാക്ഷികൾ പറയുന്നു.
ഇതിന് സെക്യൂരിറ്റി ജീവനക്കാർ അനുമതി നൽകിയില്ല. തുടർന്ന് സെക്യൂരിറ്റിയുമായി വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. അതിനു ശേഷം ഇവർ തിരികെ പോയപ്പോൾ ഒരു യുവതിയും ഉണ്ടായിരുന്ന തായാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.
അതേസമയം സംഭവത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന കാര്യത്തിൽ പോലീസ് അതീവ രഹസ്യമായി ചില അന്വേഷണങ്ങൾ നടത്തുന്നുണ്ട്. മുൻ വൈരാഗ്യം വല്ലതും ഉണ്ടോ എന്നതടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നാണ് സൂചനകൾ.