കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പരിഷ്കരണത്തിനെതിരേ കേരള കാത്തലിക് സ്വാശ്രയ കോളജ് അസോ.
Wednesday, November 29, 2023 12:56 AM IST
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പരീക്ഷാ പരിഷ്കരണം മൂലം വളരെയേറെ അധ്യയന ദിനങ്ങൾ നഷ്ടപ്പെടുന്നതിൽ ആശങ്കയുമായി കേരള കാത്തലിക് സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജ് അസോസിയേഷൻ. പരീക്ഷാ പരിഷ്കരണം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നാണ് അസോസിയേഷന്റെ ആശങ്ക.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ആറാം സെമസ്റ്റർ ക്ലാസുകൾ ആരംഭിച്ചത് ഒക്ടോബർ 26നാണ്. നവംബർ ആറു മുതൽ കോളജിലെ ക്ലാസുകൾ നിർത്തിവച്ച് ഒരാഴ്ചക്കാലം മൂല്യനിർണയ ക്യാന്പ് നടത്തി. അതേത്തുടർന്ന് നവംബർ 13 മുതൽ അഞ്ചാം സെമസ്റ്റർ പരീക്ഷകൾ ആരംഭിച്ചു. നവംബർ 30നാണ് ഈ പരീക്ഷകൾ അവസാനിക്കുന്നത്. മൂല്യനിർണയ ക്യാന്പും പരീക്ഷകളുമായി ആറാം സെമസ്റ്ററിലെ 19 പ്രവൃത്തി ദിനങ്ങൾ ഇതിനോടകം നഷ്ടമായി. ബാർകോഡ് സംവിധാനത്തിൽ പരീക്ഷകൾ നടത്തുന്നതു കാരണമാണ് കേവലം 10 ദിവസത്തിനുള്ളിൽ തീരേണ്ട പരീക്ഷകൾ മൂന്നാഴ്ചയിലധികം സമയം എടുക്കുന്നതെന്ന് അസോസിയേഷൻ ആരോപിക്കുന്നു.
ഡിസംബറിലും ജനുവരിയിലും വീണ്ടും മൂല്യനിർണയ ക്യാന്പുകൾക്ക് നിരവധി പ്രവൃത്തിദിവസങ്ങൾ നഷ്ടമാകും. അധ്യയനത്തിന്റെ ഭാഗമായുള്ള വിവിധ പ്രോഗ്രാമുകൾ നടത്താനും അധ്യയന ദിനങ്ങൾ ആവശ്യമാണ്. മാർച്ച് മൂന്നിന് ആറാം സെമസ്റ്റർ പരീക്ഷകളും ആരംഭിക്കും. ഫലത്തിൽ അന്പതിൽ താഴെ പ്രവൃത്തിദിവസങ്ങളാണ് ബിരുദതലത്തിൽ ആറാം സെമസ്റ്റർ വിദ്യാർഥികൾക്കു ലഭ്യമാവുക.
പരീക്ഷാദിനങ്ങൾ കൂടാതെതന്നെ കുറഞ്ഞത് 80 പ്രവൃത്തിദിവസങ്ങൾ സിലബസ് പഠിപ്പിച്ചു തീർക്കാൻ ലഭിക്കേണ്ടിടത്താണ് 50 ദിവസത്തിൽ താഴെ ആറാം സെമസ്റ്ററിൽ ലഭ്യമാകുന്നത്. വിദ്യാർഥിസൗഹൃദം എന്ന് അവകാശപ്പെടുന്ന യൂണിവേഴ്സിറ്റിയും ഉന്നത വിദ്യാഭ്യാസ വകുപ്പും അവരെ പീഡിപ്പിക്കുന്ന നടപടികളിലൂടെയാണു കടന്നുപോകുന്നത്.
വിവിധ വിദ്യാർഥിസംഘടനകളും അധ്യാപക സംഘടനകളും ഇതിനെതിരേ കണ്ണടച്ചിരിക്കുകയാണ്. ഓരോ സെമസ്റ്ററും കൃത്യസമയത്ത് ആരംഭിക്കുകയും അതത് സെമസ്റ്റർ പരീക്ഷകൾക്കു ശേഷം ചുരുങ്ങിയ ദിവസങ്ങൾ സെമസ്റ്റർ ബ്രേക്ക് കൊടുത്തുകൊണ്ടു മാത്രം അടുത്ത സെമസ്റ്റർ തുടങ്ങുകയും ചെയ്യുന്ന ഒരു രീതിയാണു യൂണിവേഴ്സിറ്റി അവലംബിക്കേണ്ടതെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഫാ. ഡോ. ജിബി ജോസ്, വൈസ് പ്രസിഡന്റുമാരായ ഡോ. ചാക്കോ കാളംപറന്പിൽ, സിസ്റ്റർ ഷൈനി, സെക്രട്ടറി ഫാ. ഡോ. ബേബി സെബാസ്റ്റ്യൻ, ട്രഷറർ ഫാ. സിജോയ് പോൾ, നിർവാഹക സമിതി അംഗങ്ങളായ ഫാ. ഡോ. പോളച്ചൻ, ഫാ. ജേക്കബ്, ഫാ. ബൈജു, ഫാ. സാമുവൽ എന്നിവർ പ്രസംഗിച്ചു.