കുസാറ്റ് ദുരന്തം: പരിക്കേറ്റവരുടെ മൊഴിയെടുക്കല്‍ തുടരുന്നു
Wednesday, November 29, 2023 12:56 AM IST
കൊച്ചി: കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായുണ്ടായ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരുടെയും ആശുപത്രി വിട്ടവരുടെയും മൊഴി രേഖപ്പെടുത്തൽ തുടരുന്നു. അറുപതിലേറെ പേരുടെ മൊഴിയാണു രേഖപ്പെടുത്തുന്നത്.
വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള എല്ലാവരുടെയും മൊഴി രേഖപ്പെടുത്തി. ചികിത്സ പൂര്‍ത്തിയാക്കി മടങ്ങിയ വിദ്യാര്‍ഥികളെ കണ്ടെത്തി അവരില്‍നിന്നു സംഭവത്തിന്റെ വിവരങ്ങള്‍ തേടേണ്ടതുണ്ട്. പകുതിയിലേറെ ആളുകളില്‍നിന്ന് ഇതിനോടകം വിവരങ്ങള്‍ ശേഖരിച്ചതായി അന്വേഷണച്ചുമതല വഹിക്കുന്ന തൃക്കാക്കര എസിപി പി.വി. ബേബി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ടു നടത്തുന്ന അന്വേഷണം പൂര്‍ത്തിയായതായാണു വിവരം. റിപ്പോര്‍ട്ട് ഉടന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനും വകുപ്പ് സെക്രട്ടറിക്കും കൈമാറും. കഴിഞ്ഞദിവസം ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം ചുമതലപ്പെടുത്തിയ ആഭ്യന്തര അന്വേഷണ സമിതി ഇന്നലെ തെളിവെടുപ്പ് ആരംഭിച്ചു. അപകടം നടന്ന സ്ഥലത്തുള്‍പ്പെടെ സംഘം പരിശോധന നടത്തി. സംഘാടനത്തിലെ സുരക്ഷാവീഴ്ചകള്‍ ഉള്‍പ്പെടെയാണു പരിശോധിക്കുന്നത്.