സഹോദരനോടൊപ്പം ട്യൂഷനുപോയ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി
Tuesday, November 28, 2023 2:50 AM IST
കൊല്ലം: ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. അമ്പലംകുന്ന് സിദ്ധാർഥ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മരുതമൺപള്ളി കോഴിക്കോട് റെജി ഭവനിൽ റെജി ജോൺ -സിജി റെജി ദമ്പതികളുടെ മകൾ അബിഗേൽ സാറാ റെജി (മിയ) യെയാണു തട്ടിക്കൊണ്ടുപോയത്.
ഒന്പതു വയസുള്ള സഹോദരൻ ജോനാഥനൊപ്പം ട്യൂഷനു പോകവേ ഇന്നലെ വൈകുന്നേരം 4.40 നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സഹോദരനെയും മർദിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. പത്തു മിനിറ്റോളം സഹോദരനെ വലിച്ചിഴച്ചശേഷമാണു സംഘം കടന്നുകളഞ്ഞത്. സഹോദരനു കാലിൽ മുറിവേറ്റിട്ടുണ്ട്.
കുട്ടികളെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കുശേഷം കുട്ടിയെ മോചിപ്പിക്കാൻ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയ്ക്കു ഫോൺ കോൾ വന്നു. ഒരു സ്ത്രീയാണു ഫോണിൽ സംസാരിച്ചത്. ഈ കോൾ വന്ന ഫോൺ ഇപ്പോൾ പ്രവർത്തനരഹിതമാണ്. അമ്മയെ വിളിച്ച സ്ത്രീ കുട്ടി സുരക്ഷിതയാണെന്നാണു പറഞ്ഞത്.
കൊല്ലം ജില്ലയിലെ അതിർത്തിപ്രദേശമായ പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽനിന്നാണു കോൾ എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കുളമടയിലാണ് ഈ കട. ഓട്ടോറിക്ഷയിൽ കടയിലെത്തിയ സ്ത്രീയാണു ഫോണിൽ സംസാരിച്ചത്. ഈ കടയിലെത്തി പോലീസ് അന്വേഷണം നടത്തി. ഈ ഫോൺകോളിനു പിന്നാലെ രാത്രി വൈകി കുട്ടിയുടെ ഒരു ബന്ധുവിനെയും ഒരു സ്ത്രീ വിളിച്ച് പത്തു ലക്ഷം രൂപ നൽകിയാൽ കുട്ടിയെ വിട്ടയയ്ക്കാമെന്നും ഇന്നു രാവിലെ പത്തിനു വീണ്ടും വിളിക്കാമെന്നും പറഞ്ഞിട്ടുണ്ട്. ഒന്നിലധികം സംഘങ്ങൾ ഇതിനുപിന്നിൽ പ്രവർത്തിച്ചതായാണു രാത്രി വൈകി ലഭിക്കുന്ന വിവരം. മൊബൈൽ ടവർ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുമാണ് പ്രധാനമായി പോലീസ് അന്വേഷണം.
തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാറിന്റെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്നും ഇത് ഇരുചക്രവാഹനത്തിന്റെ നന്പറാണെന്നും കണ്ടെത്തിയിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്നത് നാലംഗ സംഘമാണെന്ന് പറയുന്നു. ഈ കാർ ഏതാനും ദിവസങ്ങളായി ഓയൂർ, പൂയപ്പള്ളി ഭാഗത്ത് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.