വീഴ്ചയ്ക്കു തെളിവ്; പോലീസ് സഹായം ആവശ്യപ്പെട്ട് കുസാറ്റ് പ്രിന്‍സിപ്പലിന്റെ കത്ത്
Tuesday, November 28, 2023 2:50 AM IST
കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ സര്‍വകലാശാലയുടെ വീഴ്ച വ്യക്തമാക്കുന്ന കത്ത് പുറത്ത്. പരിപാടിക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ടു സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് പ്രിന്‍സിപ്പൽ രജിസ്ട്രാര്‍ക്കു നല്കിയ കത്താണ് പുറത്തുവന്നത്. 24ന് നല്കിയ കത്ത് രജിസ്ട്രാര്‍ പോലീസിനു കൈമാറിയിട്ടില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
അച്ചടക്കം ഉറപ്പാക്കുന്നതിനായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും പരിപാടിയില്‍ അവിചാരിതമായ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി പോലീസ് സുരക്ഷ നിര്‍ബന്ധമാണെന്നായിരുന്നു കത്തില്‍. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിലേക്ക് പുറത്തുനിന്നുള്ളവരും വരാന്‍ സാധ്യതയുണ്ട്. പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുമാണ് ആവശ്യത്തിനു പോലീസിനെ ഉറപ്പാക്കേണ്ടത്. അതിനുള്ള നടപടി സ്വീകരിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.
പ്രിന്‍സിപ്പൽ നല്കിയ കത്തിന്മേല് സര്‍വകലാശാല രജിസ്ട്രാര്‍ നടപടി സ്വീകരിച്ചില്ലെന്നും പോലീസിനെ അറിയിച്ചില്ലെന്നുമാണ് ആരോപണം. എന്നാല്‍ സംഭവസമയത്ത് ആവശ്യത്തിനു പോലീസുകാര്‍ ഉണ്ടായിരുന്നതായി എഡിജിപി എം.ആര്. അജിത്കുമാര്‍ നേരത്തേ പ്രതികരിച്ചിരുന്നു. അതേസമയം കത്തു സംബന്ധിച്ച് വൈസ് ചാന്‍സലര്‍ ഡോ.പി.ജി. ശങ്കരന് പ്രതികരിക്കാന്‍ തയാറായിട്ടില്ല.
മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ല
കുസാറ്റ് കാമ്പസിൽ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചതു മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്നു കണ്ടെത്തല്‍. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചാണു പരിപാടി സംഘടിപ്പിച്ചത്. കോളജ് കാമ്പസുകളില്‍ പ്രഫഷണല്‍ ഗ്രൂപ്പുകളുടെ പരിപാടികള്‍ക്ക് അനുമതിയില്ലെന്നിരിക്കെയാണ് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീതനിശ സംഘടിപ്പിച്ചത്.
പരിപാടിക്ക് പുറത്തുനിന്ന് ആളുകളെ കയറ്റിയതും നിയമവിരുദ്ധമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 2015ലെ സര്‍ക്കുലറാണു ലംഘിച്ചത്. ഇതു കര്‍ശനമായി പാലിക്കണമെന്ന ഹൈക്കോടതി ഉത്തരവും മറികടന്നു. 2015ൽ തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കുലര്‍ പുറത്തിറക്കിയത്.
പരിക്കേറ്റവരുടെ നിലയില്‍ പുരോഗതി
കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രി ഐസിയുവില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ഥിനികളുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇരുവരെയും വെന്റിലേറ്ററില്‍നിന്നു മാറ്റി. വിദ്യാര്‍ഥികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ സൈക്കോ സോഷ്യല്‍ ടീമിന്റെ സേവനം ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്കി. അപകടത്തില്‍ പരിക്കേറ്റ് പത്തു പേരാണ് ചികിത്സയിലുള്ളത്.
പ്രിന്‍സിപ്പലിനെ നീക്കി
കുസാറ്റിലുണ്ടായ ദുരന്തത്തില്‍ മൂന്നു വിദ്യാര്‍ഥികളടക്കം നാലുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് പ്രിന്‍സിപ്പൽ ഡോ. ദീപക് കുമാര്‍ സാഹുവിനെ താത്കാലികമായി തത്സ്ഥാനത്തുനിന്ന് നീക്കി.
മുന്‍ പ്രിന്‍സിപ്പൽ ഡോ.ശോഭ സൈറസിനാണു പകരം ചുമതല. പരിപാടിയുടെ നടത്തിപ്പ് ചുമതലക്കാരനായ യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍ പി.കെ. ബേബിയെയും ചുമതലയില്‍നിന്നു നീക്കിയിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ സര്‍വകലാശാല ആസ്ഥാനത്തു നടന്ന സിന്‍ഡിക്കറ്റ് യോഗത്തിലാണു തീരുമാനം. പരിപാടിക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ടു പ്രിന്‍സിപ്പൽ സര്‍വകലാശാല രജിസ്ട്രാര്‍ക്കു നേരത്തേ കത്തു നല്‍കിയിരുന്നു. ഇതു പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. പരിപാടിയുടെ സംഘാടക സമിതി ചെയര്മാന് കൂടിയാണ് ഡോ. ദീപക് കുമാർ.
മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് നാലു പേര് മരിക്കാനിടയായ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. സുരക്ഷാവീഴ്ചയടക്കം പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് റൂറല്‍ എസ്പിക്കും സര്‍വകലാശാലാ രജിസ്ട്രാര്‍ക്കും കമ്മീഷന് അംഗം വി.കെ. ബീനാകുമാരി നോട്ടീസയച്ചു. ഗിന്നസ് മാടസാമി നല്കിയ പരാതിയിലാണു നടപടി.