ഇന്ന് ലോൺ അടയ്ക്കണമെന്നു നോട്ടീസ്; ഇന്നലെ എല്ലാം അവസാനിപ്പിച്ച് ആൽബർട്ട്
Tuesday, November 28, 2023 2:50 AM IST
പേരാവൂർ: ബാങ്കുകളിൽനിന്നുള്ള നിരന്തര ജപ്തിഭീഷണിയെത്തുടർന്ന് കർഷകൻ ജീവനൊടുത്തി. കൊളക്കാട് രാജമുടിയിലെ മുണ്ടയ്ക്കൽ എം.ആർ. ആൽബർട്ട് (73 ) ആണു വീടിനുള്ളിൽ ജീവനൊടുക്കിയത്. ഇന്നലെ രാവിലെ ഭാര്യ പള്ളിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് ആൽബർട്ടിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കേരള ബാങ്ക് പേരാവൂർ ശാഖയിൽനിന്ന് ആൽബർട്ടിന്റെ ഭാര്യക്ക് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചിരുന്നു. കൂടാതെ, കൊളക്കാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽനിന്നും സമാനമായ രീതിയിൽ നോട്ടീസ് ലഭിച്ചിരുന്നു. ഇന്നാണു ലോൺ തിരിച്ചടയ്ക്കേണ്ട അവസാന അവധി ബാങ്ക് നൽകിയിരുന്നത്. ഇന്നലെ ബാങ്കിൽ പോകാമെന്നു ഭാര്യയോട് ആൽബർട്ട് പറഞ്ഞിരുന്നു. വായ്പാകുടിശിക അടയ്ക്കാനായി ഞായറാഴ്ച ആൽബർട്ട് അംഗമായ സ്വാശ്രയസംഘത്തിൽനിന്നു പണം തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആ പ്രതീക്ഷയും നഷ്ടമായതിലുള്ള വിഷമമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നറിയുന്നു. ഇതു സംബന്ധിച്ച ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
പശുവിനെ വളർത്താനാണ് കൊളക്കാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽനിന്നു ലോൺ എടുത്തത്. പശുവിനെ വാങ്ങി മാസങ്ങൾ തികയുംമുമ്പ് ആൽബർട്ട് വീണ് നട്ടെല്ലിനു പരിക്കേറ്റിരുന്നു. ഇതോടെ പശുപരിപാലനം സാധ്യമല്ലാതാകുകയും പശുക്കളെ കിട്ടിയ വിലയ്ക്കു വിൽക്കേണ്ടിവരികയും ചെയ്തു. നല്ലൊരു തുക അടച്ചെങ്കിലും 50,000 രൂപ ഇനിയും അടയ്ക്കാനുണ്ടെന്നു കാണിച്ചാണു ബാങ്ക് നോട്ടീസ് നൽകിയിരുന്നത്.
കേരള ഗ്രാമീൺ ബാങ്ക് കേളകം ശാഖയിലും ആൽബർട്ടിന്റെ പേരിൽ ലോൺ ഉണ്ട്. കൊളക്കാട് ക്ഷീര സഹകരണ സംഘം സ്ഥാപക പ്രസിഡന്റും 25 വർഷത്തോളം സംഘം പ്രസിഡന്റുമായിരുന്നു ആൽബർട്ട്. രണ്ടു മാസം മുമ്പ് സംഘത്തിൽനിന്നു സ്വയം വിരമിച്ചു. കോൺഗ്രസ് പ്രവർത്തകനും കണിച്ചാർ മണ്ഡലം സെക്രട്ടറിയുമായിരുന്ന ആൽബർട്ട്, എം.ആർ. എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഭാര്യ: വത്സ. മക്കൾ: ആശ, അമ്പിളി, സിസ്റ്റർ അനിത എംഎസ്എംഎച്ച്സി (ജർമനി). മരുമകൻ: ജിതിൻ. സംസ്കാരം ഇന്നു വൈകുന്നേരം 5.30ന് രാജമുടി ഉണ്ണിമിശിഹാ പള്ളിയിൽ.