കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുന്നു
Tuesday, November 28, 2023 2:50 AM IST
തിരൂർ: കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രധനമന്ത്രി കേരളത്തില്‍വന്ന് വസ്തുത മറച്ചുവച്ച് തെറ്റായകാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കുറവുകള്‍ തിരുത്താനല്ല, ന്യായീകരിക്കാനാണു കേന്ദ്രം ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസം വസ്തുതയല്ലാത്ത കാര്യങ്ങള്‍ ധനമന്ത്രി പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ തിരൂരില്‍ നവകേരളസദസിന്റെ പ്രഭാതയോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി കേരളത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്.
തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ തള്ളിക്കളയുന്നു. സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി ലഭിക്കേണ്ട നികുതിവിഹിതം കിട്ടണമെന്ന ആവശ്യമേ സംസ്ഥാനം ഉന്നയിക്കുന്നുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം നേടിയ നേട്ടങ്ങള്‍ക്കൊപ്പം ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങളും ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചാണു നവകേരള സദസ് മുന്നോട്ടു പോകുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം കേന്ദ്രത്തിനുണ്ടാകേണ്ടത്. ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2017 മുതല്‍ കിഫ്ബിയും പിന്നീട് പെന്ഷന് കമ്പനിയും എടുത്ത വായ്പകള്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശം വെട്ടിച്ചുരുക്കാനായി ഉപയോഗിക്കുന്നു. സംസ്ഥാനത്തിന്റെ വരുമാനമാര്‍ഗങ്ങളെല്ലാം തടയുന്നു. ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നില്ക്കുന്നു.
സ്വന്തമായി വഴികണ്ടെത്തി വികസനവും ക്ഷേമവും മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ അതിനും തടസം നില്ക്കുന്നു. സംസ്ഥാനത്തോടും ജനതയോടും തുടര്‍ച്ചയായി ക്രൂരത കാട്ടിയശേഷം അത് അവസാനിപ്പിക്കാന്‍ തയാറാകാതെ, എന്തെല്ലാമോ ഞങ്ങള്‍ ഇവിടെ ചെയ്തിരിക്കുന്നു എന്ന നിലയില്‍ വസ്തുതാ വിരുദ്ധമായി പ്രചാരണം നടത്താനാണ് കേന്ദ്ര ധനമന്ത്രി വന്നത്.
ജനങ്ങളില്‍നിന്നു പിരിച്ചെടുക്കുന്ന നികുതിയുടെ വിഹിതവും ഗ്രാന്റും അര്‍ഹതപ്പെട്ടതു കിട്ടേണ്ടതുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്ന നിലയാണു വന്നിരിക്കുന്നത്.
ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകള്‍ നിര്‍മിച്ചപ്പോള്‍ 32,171 വീടുകള്‍ക്കു മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. നമ്മള് സംഖ്യ കൂട്ടി നാലു ലക്ഷം നല്‍കുന്നുണ്ട്. പിഎംഎവൈ അര്‍ബന്റെ ഭാഗമായി 79,860 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നല്കി.
എല്ലാം ചേര്‍ത്താലും ആകെ 1,12,031 വീടുകള്‍ക്ക് (31.45 ശതമാനം) മാത്രമാണ് തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്. പിഎംഎവൈ ഗ്രാമീണില്‍ മൂന്നു വര്‍ഷമായി ടാര്‍ഗറ്റ് നിശ്ചയിച്ചു തന്നിട്ടില്ല. അതിനാല്‍ പുതിയ വീടുകള്‍ അനുവദിക്കാന്‍ ഈ മേഖലയില്‍ സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.