ആൻ റിഫ്റ്റയുടെ സംസ്കാരം ഇന്ന്
Tuesday, November 28, 2023 2:50 AM IST
പറവൂർ: കുസാറ്റിലെ അപകടത്തിൽ മരണമടഞ്ഞ ആൻ റിഫ്റ്റയുടെ മൃതദേഹം കുറുമ്പത്തുരുത്തിലെ വീട്ടിലെത്തിച്ചു. ഒരാഴ്ച മുമ്പ് വീട്ടിൽ വന്ന് തിരിച്ചുപോയ ആനിന്റെ മൃതദേഹം വീട്ടിലേക്കെത്തിയതോടെ ‘നുന്നുമോളേ’ എന്ന് വിളിച്ച് പിതാവ് റോയ് ജോർജ്കുട്ടിയും സഹോദരൻ റിഥുലും അമ്മൂമ്മ റോസിയും വാവിട്ടു കരഞ്ഞു.
പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ആൻ, പത്താം ക്ലാസ് വരെ പഠിച്ച പുത്തൻവേലിക്കര മേരി വാർഡ് ഇംഗ്ലിഷ് മീഡിയം സ്കൂളിലേക്ക് പൊതുദർശനത്തിനു കൊണ്ടുപോയി. അധ്യാപകരും വിദ്യാർഥികളും അവിടെ അന്തിമോപചാരമർപ്പിച്ചു. തുടർന്നാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ പ്രാർഥനാശുശ്രൂഷ നടത്തി. ഇറ്റലിയിൽ ജോലി ചെയ്യുന്ന അമ്മ സിന്ധു ഇന്നു പുലർച്ചെ നാലോടെ വീട്ടിലെത്തി. സംസ്കാരം ഉച്ചയ്ക്ക് ഒന്നിന് കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് പള്ളിയിൽ നടക്കും. കുസാറ്റിൽ രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥിനിയായിരുന്നു ആൻ റിഫ്റ്റ.