ശമ്പള പരിഷ്കരണ കുടിശിക: കേന്ദ്രവും സംസ്ഥാനവും ഒളിച്ചുകളി അവസാനിപ്പിക്കണമെന്നു കെപിസിടിഎ
Tuesday, November 28, 2023 2:50 AM IST
കണ്ണൂർ: 2016ൽ നടപ്പാക്കിയ യുജിസി ഏഴാം ശമ്പള പരിഷ്കരണത്തിന്റെ കുടിശിക സംബന്ധിച്ച് കേന്ദ്ര ധനമന്ത്രിയും സംസ്ഥാന ധനമന്ത്രിയും തെരുവിൽ തർക്കിക്കുമ്പോൾ അർഹമായ 1500 കോടി രൂപ നഷ്ടപ്പെട്ട കേരളത്തിലെ കോളജ് അധ്യാപകർ വഞ്ചിക്കപ്പെടുകയാണെന്ന് കെപിസിടിഎ.
കേന്ദ്രവും സംസ്ഥാനവും ചേർന്നാണ് തുല്യപങ്കാളിത്തത്തോടെ 2016 മുതൽ 19 വരെയുള്ള യുജിസി ശമ്പള പരിഷ്കരണ കുടിശിക നൽകേണ്ടിയിരുന്നത്. പ്രസ്തുത തുക സംസ്ഥാനങ്ങൾ അധ്യാപകർക്ക് നൽകിയ ശേഷം അറിയിച്ചാൽ റീ ഇംബേഴ്സ് ചെയ്യാമെന്ന് കേന്ദ്രമറിയിക്കുകയും 2022 മാർച്ച് 31 വരെ പ്രസ്തുത തുക ചെലവഴിച്ച വിവരങ്ങൾ നൽകാൻ സമയം നൽകുകയും ചെയ്തിട്ടും കേരളം അത് നൽകിയില്ല.
മറ്റെല്ലാ സംസ്ഥാനങ്ങളും ഈ തുക കൃത്യമായി വിതരണം ചെയ്തു കേന്ദ്രസഹായം നേടിയെടുത്തു. ഇപ്പോൾ കേന്ദ്രത്തെ കുറ്റം പറയുന്ന കേരളം യഥാസമയം ഈ തുക അധ്യാപകർക്ക് വിതരണം ചെയ്തിരുന്നെങ്കിൽ കൃത്യമായി കേന്ദ്ര സഹായം ലഭിച്ചേനെയെന്നാണ് മറ്റുള്ള സംസ്ഥാനങ്ങളുടെ അനുഭവം തെളിയിക്കുന്നത്. ഈ കണക്ക് നൽകാതെ വൈകിപ്പിച്ചതു വഴി കേന്ദ്രത്തിൽനിന്ന് 750 കോടി നഷ്ടമായിയെന്ന് പ്രചരിപ്പിക്കുന്ന സംസ്ഥാന സർക്കാർ അവർ നൽകേണ്ടിയിരുന്ന 750 കോടി നൽകാതെ ലാഭിച്ചു എന്ന കാര്യം മിണ്ടുന്നില്ല.
കേന്ദ്രവും സംസ്ഥാനവും തമ്മിൽ നടക്കുന്ന തർക്കങ്ങൾക്കൊടുവിൽ നഷ്ടം കേരളത്തിലെ കോളജ് അധ്യാപകർക്കു മാത്രമാണ്. അർഹമായ 1500 കോടി രൂപ നഷ്ടമായി മാറുന്ന അവസ്ഥയാണു നിലവിലുള്ളത്. 29 ശതമാനം ഡിഎ കുടിശിക കിട്ടാനുള്ള മറ്റൊരു സർക്കാർ ഉദ്യോഗസ്ഥ വിഭാഗവും കേരളത്തിൽ ഇല്ല. കേന്ദ്രം ഡിഎ തടഞ്ഞപ്പോൾ അത് നൽകാതിരിക്കുകയും കേന്ദ്രം പിന്നീട് ഡിഎ അനുവദിച്ചപ്പോൾ സാമ്പത്തിക രംഗം മെച്ചപ്പെടുമ്പോൾ നൽകാമെന്ന സ്ഥിരം പല്ലവി പറയുകയും ചെയ്ത സംസ്ഥാന സർക്കാർ കേരളത്തിലെ കോളജ് അധ്യാപകരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും കെപിസിടിഎ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
കേന്ദ്രം നൽകാനുള്ള 750 കോടി രൂപ അധ്യാപകർക്ക് നേരിട്ട് അനുവദിക്കാനുള്ള നടപടികൾ കേന്ദ്ര ധനമന്ത്രാലയം കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സംഘടന കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്കും മാനവ വിഭവ ശേഷി വികസന വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.