തൃശൂരും കുന്നംകുളത്തും ബംഗാളികളായ വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍
Tuesday, November 28, 2023 2:50 AM IST
തൃശൂര്‍: വ്യാജചികിത്സ നടത്തിയിരുന്ന ബംഗാള്‍ സ്വദേശികളായ രണ്ടു വ്യാജ ഡോക്ടര്‍മാരെ കുന്നംകുളം, തൃശൂര്‍ കിഴക്കേക്കോട്ട എന്നിവിടങ്ങളില്‍നിന്നായി പിടികൂടി. ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. പിടിയിലായ ഇരുവരും ഗുഹ്യരോഗങ്ങള്ക്കു ചികിത്സ നടത്തിയിരുന്നവരാണ്.
കുന്നംകുളം യൂണിറ്റി ആശുപത്രിക്കു സമീപം പൈല്‍സ്, ഫിസ്റ്റുല ക്ലിനിക് എന്നപേരില്‍ ക്ലിനിക് നടത്തിയിരുന്ന പശ്ചിമബംഗാള്‍ സ്വദേശി ത്രിദീപ് കുമാര്‍ റോയ് (55), കിഴക്കുംപാട്ടുകര താഹോര്‍ അവന്യുവില്‍ ചാന്ദ്രീസ് ക്ലിനിക് എന്നപേരില്‍ പൈല്‍സ്, ഫിസ്റ്റുല രോഗങ്ങള്‍ക്കു ഹോമിയോ ക്ലിനിക് നടത്തിവന്നിരുന്ന ദിലീപ് കുമാര്‍ സിക്തര്‍ (67) എന്നിവരാണു പിടിയിലായത്.
സിക്തർ വര്‍ഷങ്ങളായി ഇവിടെ ക്ലിനിക് നടത്തിവരികയായിരുന്നു. ഹോമിയോയും അലോപ്പതിയും ഉള്‍പ്പെടെ ഏതു രീതിയിലുള്ള ചികിത്സയും ഇയാള്‍ ചെയ്യുന്നുണ്ടെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഏതു രീതിയിലുള്ള ചികിത്സയും ചെയ്യാമെന്നതിന് ഇയാളുടെ പക്കല്‍ വ്യാജരേഖയും ഉണ്ടായിരുന്നു.