ശബരിമല കളഭാഭിഷേകം: കോടതി സ്വമേധയാ കേസെടുത്തു
Tuesday, November 28, 2023 2:50 AM IST
കൊച്ചി: ശബരിമലയില്‍ കളഭാഭിഷേകത്തിന് വഴിപാടുകാര്‍ നേരിട്ട് സാധനങ്ങള്‍ നല്കിയാലും ദേവസ്വം ബോര്‍ഡ് മുഴുവന്‍ തുകയും വാങ്ങുന്നെന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
ശബരിമല സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടു നല്കാന് നിര്‍ദേശിച്ച ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി. ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച്, ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
ശബരിമലയില്‍ കളഭാഭിഷേകത്തിന് ഭക്തര്‍ 38,400 രൂപയാണ് അടയ്ക്കേണ്ടത്. സ്വന്തമായി ചന്ദനം വാങ്ങി അരച്ചു നല്കുന്നവര് ദേവസ്വം ഫീസായ 12,500 രൂപ നല്കിയാല് മതിയെങ്കിലും നിലവില്‍ മുഴുവന്‍ തുകയും ഭക്തരില്‍നിന്ന് വാങ്ങുന്നുണ്ട്. ഇതു സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്.