ഉള്ളുലഞ്ഞ് കുസാറ്റ്
Monday, November 27, 2023 1:37 AM IST
കൊച്ചി: അപ്രതീക്ഷിത ദുരന്തത്തില്‍ മരിച്ചവര്‍ക്ക് വിട നല്കി കുസാറ്റ്. ടെക്ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച സംഗീതനിശയ്ക്കിടെ മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹം ഇന്നലെ പൊതുദര്‍ശനത്തിന് എത്തിച്ചപ്പോള്‍ കരയാത്തവരായി ആരുമില്ലായിരുന്നു. അതുലും സാറയും ആനും കുസാറ്റിന് എത്ര വേണ്ടപ്പെട്ടവരായിരുന്നുവെന്ന് കൂടിനിന്നവരുടെ ദുഃഖം വെളിവാക്കി. മന്ത്രിമാരുള്‍പ്പെടെ വിവിധ മേഖലകളിലുള്ളവര്‍ കാമ്പസിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി (21), പറവൂര്‍ സ്വദേശിനി ആന്‍ റിഫ്റ്റ റോയി(21), കോഴിക്കോട് താമരശേരി സ്വദേശിനി സാറാ തോമസ്(20) എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാവിലെയോടെയാണു കുസാറ്റില്‍ പൊതുദര്‍ശനത്തിനെത്തിച്ചത്. 9.15 ഓടെ സാറാ തോമസിന്റെ മൃതദേഹമാണ് എറണാകുളം ജില്ലാ ആശുപത്രിയില്‍നിന്നും ആദ്യം കാന്പസിലെത്തിച്ചത്. തുടര്‍ന്ന് അതുല്‍ തമ്പി, ആന്‍ റിഫ്റ്റ എന്നിവരുടെ മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജില്നിന്നുമെത്തിച്ചു.
കളിചിരികളുമായി കഴിഞ്ഞദിവസം വരെ ഒപ്പമുണ്ടായിരുന്നവര്‍ ചലനമറ്റു കിടക്കുന്നതു കണ്ടതോടെ സഹപാഠികളില്‍ പലരുടെയും നിയന്ത്രണംവിട്ടു. മൃതദേഹത്തെ അനുഗമിച്ച് കാമ്പസിലെത്തിയ മരിച്ചവരുടെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും വേദനയില്‍ നീറുമ്പോള്‍ നിസഹായരായി നോക്കിനില്‍ക്കാനേ കൂടിനിന്നവര്ക്കായുള്ളൂ. സന്തോഷത്തോടെ പര്യവസാനിക്കേണ്ട ഒരുദിനം ദുരന്തത്തില്‍ കലാശിച്ചതിന്റെ ഞെട്ടല്‍ അധ്യാപകരിലടക്കം പ്രകടമായിരുന്നു. 10.30ഓടെ പൊതുദര്‍ശനം അവസാനിപ്പിച്ച് മൃതദേഹങ്ങള്‍ വീടുകളിലേക്കു കൊണ്ടുപോയി.
മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രിമാരായ പി. രാജീവും ആര്. ബിന്ദുവും സര്‍ക്കാരിനുവേണ്ടി സ്പീക്കര്‍ എ.എന്‍. ഷംസീറും റീത്ത് സമര്‍പ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്, എംപിമാരായ ഹൈബി ഈഡന്, ബെന്നി ബഹനാന്, ജോണ്‍ ബ്രിട്ടാസ്, ജെബി മേത്തര്‍, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, നജീബ് കാന്തപുരം, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി.ജി ശങ്കരന്, കെ.എന്‍. മധുസൂദനന്, എം.എ. ബേബി, തോമസ് ഐസക്, പി.കെ. ശ്രീമതി, മുഹമ്മദ് ഷിയാസ് തുടങ്ങി നിരവധി പേര് അന്തിമോപചാരമര്‍പ്പിക്കാനെത്തി.
ആൽബിന്റെ മൃതദേഹം സ്വദേശമായ പാലക്കാട് മുണ്ടൂരിലേക്കു കൊണ്ടുപോയി. ബന്ധുക്കളെത്തിയാണ് അതുലിന്റെയും ആൽബിന്റെയും മൃതദേഹം ഏറ്റുവാങ്ങിയത്. ഇരുവരുടെയും സംസ്കാരം ഇന്നലെ വൈകുന്നേരം നടത്തി.
പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ആനിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിക്കും. വിദേശത്തുള്ള അമ്മ എത്തിയശേഷം നാളെയാണു സംസ്കാരം. കോഴിക്കോട് താമരശേരിയിലെത്തിച്ച സാറാ തോമസിന്റെ മൃതദേഹത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ന് സംസ്കാരം നടക്കും.
അപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ വെന്റിലേറ്റര്‍ ചികിത്സയിലാണ്. നിലവില്‍ 42 പേരാണ് ചികിത്സയിലുള്ളത്; അഞ്ചു പേര് ഐസിയുവിലും 35 പേര് വാര്‍ഡുകളിലും.
അന്വേഷണം ആരംഭിച്ചു; ഇന്നു മൊഴിയെടുക്കും
കൊച്ചി: കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനിയറിംഗിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച സംഗീതനിശയ്ക്കിടെ നാലു പേർ മരിച്ച സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി.എ. ബേബിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പരിപാടിയില്‍ സുരക്ഷാവീഴ്ച ഉണ്ടായെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
ഇന്നലെ രാവിലെയാണു വീഴ്ച വിവരിക്കുന്ന റിപ്പോര്‍ട്ട് എഡിജിപിക്ക് സമര്‍പ്പിച്ചത്. മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചില്ല, പോലീസിനെ അറിയിച്ചില്ല, പരിപാടിയുടെ നടത്തിപ്പിലും വീഴ്ച പറ്റി തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് വിവരം.
അപകടസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. കുസാറ്റ് വിസി, പരിപാടിയുമായി ബന്ധപ്പെട്ട അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍നിന്നടക്കം അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും.
അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
കൊച്ചി: കുസാറ്റ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആശുപത്രിയിലുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസ്. കുസാറ്റ് വിസിയും സംഘാടകരുമാണ് അപകടത്തിനിടയാക്കിയതെന്നു ചൂണ്ടിക്കാട്ടി വിസിക്കെതിരേ കളമശേരി പോലീസില്‍ അഭിഭാഷകന് പരാതി നല്കി.