ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആകില്ലെന്ന് കോടതി
Monday, November 27, 2023 1:37 AM IST
കൊച്ചി: ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ചുമത്താമെന്നും കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയതിനെതിരേ കൊല്ലം സ്വദേശികള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗിന്റെ നിര്‍ണായക ഉത്തരവ്.
ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി സര്‍വീസ് നടത്തുന്നത് കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ താത്്പര്യങ്ങള്ക്കു വിരുദ്ധമാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാം. ഹര്‍ജിക്കാര്‍ പിഴത്തുകയുടെ അന്‍പത് ശതമാനം ഉടന്‍ അടയ്ക്കണമെന്നും കോടതി വ്യക്തമാക്കി.
റോബിന് ബസ് ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ ചട്ടം ലംഘിച്ചാല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് കരുത്തു പകരുന്നതാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാന്‍ ചട്ടമുണ്ട് എന്ന വാദമാണ് റോബിന് ബസ് ഉടമകള്‍ ഉയര്‍ത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ബസ് പിടിച്ചെടുക്കരുതെന്ന കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയത്.
സമാന സാഹചര്യത്തില്‍ കൊല്ലത്തെ പുഞ്ചിരി ബസ് ഉടമകളും കോടതിയെ സമീപിച്ചു. ഇതിനെ ചോദ്യം ചെയ്തു കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജിയും ഹൈക്കോടതിയിലുണ്ട്. പുഞ്ചിരി ബസ് ഉടമകള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി സുപ്രധാനമായ നിരീക്ഷണം നടത്തിയത്.