അപകടകാരണം ഗേറ്റ് പെട്ടെന്നു തുറന്നത്: സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡയറക്ടര്‍
Monday, November 27, 2023 1:37 AM IST
കളമശേരി: പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നില്ലെന്ന് കുസാറ്റ് സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡയറക്ടര്‍ പി.കെ. ബേബി. വൈകുന്നേരം 5.30 മുതല്‍ കുട്ടികളെ പ്രവേശിപ്പിച്ചുതുടങ്ങിയിരുന്നു.
2000 ത്തോളം പേരെ ഉള്‍ക്കൊള്ളാവുന്ന സ്ഥലത്ത് 1200 വിദ്യാര്‍ഥികള്‍ക്കുള്ള സജ്ജീകരണമാണ് ഉണ്ടായിരുന്നത്. രാത്രി ഏഴോടെ കുട്ടികള്‍ പെട്ടെന്ന് പരിപാടി നടക്കുന്ന ഭാഗത്തേക്ക് ചവിട്ടുപടികൾ വഴി ഓടി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
മഴ കാരണമാണോ പരിപാടി കാണാനാണോ അവർ ഓടിയിറങ്ങിയത് എന്നതു പരിശോധിക്കണം. ഗേറ്റ് പെട്ടെന്ന് തുറന്നതാണ് അപകടകാരണം. പുറത്തുനിന്ന് അകത്തേക്കു കയറുന്ന ഭാഗത്താണ് അപകടമുണ്ടായത്.
പുറത്തേക്കിറങ്ങാന്‍ രണ്ട് ഗേറ്റുകള്കൂടി ഉണ്ടായിരുന്നെങ്കിലും അതു തുറന്നിരുന്നില്ല. തിരിച്ചറിയാന്‍ ടീഷര്‍ട്ടും ഐഡി കാര്‍ഡും ഉള്ളതിനാല്‍ ഒറ്റ ഗേറ്റിലായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. എന്നാല്‍, തിരക്കിനിടെ കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു. കുട്ടികള്‍ തന്നെയാണ് പരിപാടി നിയന്ത്രിച്ചിരുന്നത്.