അപകടമാണ് കൊച്ചി... ഈ ആള്‍ത്തിരക്ക്!
Monday, November 27, 2023 1:37 AM IST
കൊച്ചി: കുസാറ്റില്‍ തിക്കിലും തിരക്കിലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേര് മരണപ്പെട്ട സംഭവത്തിനു പിന്നാലെ കൊച്ചിയിലെ പ്രധാന തിരക്കുകളും ചര്‍ച്ചയാകുന്നു.
കാര്യമായ സുരക്ഷാ പരിശോധനകളോ ക്രമീകരണങ്ങളോ ഇല്ലാതെ സംഘടിപ്പിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്ന കണ്ടെത്തലാണ് കൊച്ചിന് കാര്‍ണിവല്‍, ഐഎസ്എല്‍ മത്സരങ്ങള്പോലുള്ള ആൾത്തിരക്കുകളിലേക്ക് അപായസൂചനയുടെ ആശങ്ക ഉയർത്തുന്നത്.
ഈ രണ്ട് പരിപാടികളിലും തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെടുന്നത് പതിവുകാഴ്ചയാണ്. കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയും ഇവ ഗൗരവമായി എടുത്തില്ലെങ്കിൽ കൊച്ചിക്കുമേല്‍ നിഴലിടുന്ന ആള്‍ക്കൂട്ട ബോംബ് എപ്പോള്‍ വേണമെങ്കിലും ഇനിയും പൊട്ടാമെന്നാണ് പൊതുഇടങ്ങളില്‍ ഉയരുന്ന ആശങ്ക.
കഴിഞ്ഞ പുതുവത്സര ആഘോഷത്തിലാണ് കൊച്ചിയില്‍ സമാന സംഭവം ഉണ്ടായത്. അന്ന് ഫോര്‍ട്ട് കൊച്ചിയില്‍ തിക്കിലും തിരക്കിലുംപെട്ട് അവശരായത് നൂറുകണക്കിന് ആളുകള്‍. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ഏതാണ്ട് അഞ്ച് ലക്ഷത്തോളം ആളുകളാണ് അന്ന് ഫോര്‍ട്ട്കൊച്ചിയിലെത്തിയത്. പോലീസുകാര്‍ക്ക് അടക്കം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. സംഭവത്തില്‍ ഇരുന്നൂറോളം പേരെയാണ് അന്ന് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് ഓട്ടോറിക്ഷയ്ക്കു മുകളില്‍ കിടത്തി ശ്വാസോച്ഛ്വാസം നല്‍കിയത് വാര്‍ത്തയായിരുന്നു.
ചികിത്സ തേടിയെത്തിയ ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരക്കുമൂലം തളര്‍ന്നുവീണിരുന്നു. ആഘോഷങ്ങള്‍ കണക്കിലെടുത്ത് ഫോര്‍ട്ട് കൊച്ചിയിലേക്ക് രണ്ട് റോറോ സര്‍വീസുകള്‍ നടത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും സര്‍വീസ് നടത്തിയത് ഒരെണ്ണം മാത്രമായിരുന്നു. ഇതിലും ജനം ഇരച്ചു കയറിയിരുന്നു. കാര്‍ണിവല്‍ കഴിഞ്ഞാല്‍ ഐഎസ്എല്‍ മത്സരങ്ങള്‍ക്കാണ് ഏറ്റവുമധികം ആളുകള്‍ കൊച്ചിയിലെത്തുന്നത്.
കളി നടക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ കാണാന്‍ പതിനായിരങ്ങളാണ് സീസണില്‍ എത്തുന്നത്. കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഈ മത്സരങ്ങളും നടക്കുന്നത്. ടീമിനായി കാണികള്‍ ഒരോ തവണ ഇരിപ്പിടത്തില്‍ ആവേശം കൊള്ളുമ്പോള്‍ സ്റ്റേഡിയമാകെ കുലുങ്ങുന്ന അവസ്ഥയാണ്. ഇത് വെളിവാക്കുന്ന ചില വീഡിയോകളും സമീപകാലത്ത് പുറത്തുവന്നിരുന്നു.
സ്റ്റേഡിയത്തിലേക്ക് കാര്യമായ സുരക്ഷാ പരിശോധനകളില്ലാതെയാണ് കാണികളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതെന്ന് നേരത്തേതന്നെ ആക്ഷേപമുണ്ട്. വില്‍പ്പനയ്ക്കുള്ള ടിക്കറ്റില്‍ സീറ്റ് നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അകത്ത് കയറിയാല്‍ തോന്നിയപടിയാണ് ഇരിപ്പ്. ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് അഥോറിറ്റിയാണ് സ്റ്റേഡിയത്തിന്റെ ഉടമസ്ഥര്‍. കഴിഞ്ഞ ബജറ്റുകളിലെല്ലാം സ്റ്റേഡിയത്തിന്റെ നവീകരണം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. ബലക്ഷയമുള്ള സ്റ്റേഡിയത്തിനു ചുറ്റും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
കലൂര്‍ സ്റ്റേഡിയം ദുരന്തമുഖത്താണെന്ന് ഈ സീസണിലെ ഐഎസ്എല്‍ ഉദ്ഘാടനമത്സരം കാണാനെത്തിയ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) ജനറല്‍ സെക്രട്ടറി ഡാറ്റ് സെരി വിന്‍ഡ്സര്‍ ജോണ്‍ അഭിപ്രായപ്പെട്ടിരുന്നു. സ്റ്റേഡിയത്തില്‍ സുരക്ഷയൊരുക്കുന്ന പദ്ധതികളില്‍ വളരെയധികം ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ഇന്തോനേഷ്യയില്‍ ഒരു വര്‍ഷം മുമ്പു സംഭവിച്ച അപകടം ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.
കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന കൊച്ചിന് കാര്‍ണിവല്‍ അടക്കമുള്ള പരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനൊപ്പം ഇത്തരം പരിപാടികളില്‍ പാലിക്കേണ്ട നടപടികള്‍ കര്‍ശനമാക്കണമെന്നുമുള്ള ആവശ്യവും ശക്തമാവുകയാണ്.