ആൽബിന്റെ വിയോഗത്തിൽ തേങ്ങലടങ്ങാതെ നാട്
Monday, November 27, 2023 1:37 AM IST
കല്ലടിക്കോട്: നാട്ടിൻപുറത്ത് ഓടിനടന്ന് എല്ലാ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ആൽബിന്റെ മരണം ഉൾക്കൊള്ളാനാകാതെ കോട്ടപ്പള്ള ഗ്രാമം തേങ്ങി.
വിദേശത്ത് ജോലിക്കു പോകാനായി രേഖകൾ തയാറാക്കുന്നതിന്റെ ഭാഗമായാണ് ആല്ബിൻ എറണാകുളത്തേക്കു പോയത്. അവിടെ എത്തിയപ്പോൾ കുസാറ്റിൽ പഠിക്കുന്ന കൂട്ടുകാരെ കാണുകയും അവർ സംഗീതനിശയ്ക്കു ക്ഷണിക്കുകയുമായിരുന്നു.
ഇലക്ട്രിക്കൽ കോഴ്സ് പൂർത്തിയാക്കിയ ആൽബിൻ മൂന്നു മാസത്തോളം കളമശേരിയിൽ പഠനം നടത്തിയിരുന്നു. അവിടെ പഠിക്കുന്നകാലത്ത് കണ്ടുമുട്ടിയ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു പരിപാടിക്കുപോകാൻ തയാറായത്.
പള്ളിയിലും സമൂഹത്തിലും ഓടിനടന്ന് കാര്യങ്ങൾ ചെയ്തിരുന്ന ആൽബിൻ കെസിവൈഎമ്മിന്റെ പ്രവർത്തകനുമായിരുന്നു. വീടിന്റെ ഏക ആശ്രയമായിരുന്ന ആൽബിന്റെ മരണം കുടുംബത്തെയും ഗ്രാമത്തെയും ദുഃഖത്തിലാക്കി. നാനാതുറകളിലുള്ള ആയിരക്കണക്കിനുപേർ അന്ത്യോപചാരമർപ്പിക്കാനെത്തി. എംപി വി.കെ. ശ്രീകണ്ഠൻ, പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, കെ.ശാന്തകുമാരി എംഎൽഎ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൈലംപുള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ആൽബിന്റെ ഭവനത്തിലെത്തി പ്രാർഥനാ ശുശ്രൂഷകൾ നടത്തി. ജോസഫ് (ബാബു)- മേഴ്സി ദന്പതികളുടെ മകനാണ് ആൽബിൻ. സഹോദരങ്ങൾ:
ബ്ലസി, ജിബിൻസ്.