ചൈനയിലെ ശ്വാസകോശരോഗ വ്യാപനം; സംസ്ഥാനം സാഹചര്യം വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി
Monday, November 27, 2023 1:37 AM IST
കോഴിക്കോട്: ചൈനയിലെ കുട്ടികൾക്കിടയിൽ ശ്വാസകോശരോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. രോഗവ്യാപനം സംബന്ധിച്ച വാർത്ത വന്നപ്പോൾത്തന്നെ സംസ്ഥാനം സാഹചര്യം വിലയിരുത്താൻ വിദഗ്ധയോഗം ചേർന്നിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ചൈനയിലും മറ്റുചിലരാജ്യങ്ങളിലും ലോക്ക്ഡൗൺ ദീർഘകാലമുണ്ടായിരുന്നു. അതിനുശേഷമുള്ള ഇളവ് മറ്റുരാജ്യങ്ങളുടേതെല്ലാം കഴിഞ്ഞാണു ചൈന പിൻവലിച്ചത്. ഇത് കുഞ്ഞുങ്ങളിൽ സ്വാഭാവികമായുണ്ടാകേണ്ട പ്രതിരോധശേഷി കുറച്ചതായി ആഗോളതലത്തിൽത്തന്നെ കണ്ടെത്തിയിട്ടുണ്ട്.
അതിന്റെ ഭാഗമായാവാം ചൈനയിലെ രോഗവ്യാപനമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും വളരെ സൂക്ഷ്മമായി തന്നെ സ്ഥിതിഗതികൾ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കി.