കാലാവസ്ഥാ വ്യതിയാനം; ഗുരുതര ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പ്
Monday, November 27, 2023 1:37 AM IST
റെജി ജോസഫ്
കോട്ടയം: കേരളത്തില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ ശരാശരി താപനില 1.67 ഡിഗ്രി സെല്‍ഷസ് വര്‍ധിച്ചതായി സംസ്ഥാന കാലാവസ്ഥാ വ്യതിയാന പഠനവിഭാഗം. വരും നൂറ്റാണ്ടില്‍ ചൂട് ഇതിനേക്കാള്‍ വര്‍ധിക്കാനിരിക്കെ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളെയും ഭവിഷ്യത്തുകളെയും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്.
കഴിഞ്ഞ പതിറ്റാണ്ടിനുള്ളില്‍ മാത്രം ശരാശരി ചൂട് 0.40 ഡിഗ്രി കൂടിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യവസായവത്കരണവും നഗരവത്കരണവും പുറന്തളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിലെ വര്‍ധനയും വാഹനപ്പെരുപ്പവുമാണ് താപനില ഉയരാന്‍ പ്രധാന കാരണം.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ ശരാശരി 2049 മില്ലി മീറ്ററും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 450 മില്ലീമീറ്ററും മഴയാണ് കേരളത്തില്‍ ലഭിക്കേണ്ടത്. എന്നാല്‍ 1901 മുതലുള്ള നിരീക്ഷണപ്രകാരം സാധാരണയിലും താഴെയാണ് മഴ ലഭിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തിലെ ശരാശരി സീസണല്‍ മഴ ദീര്‍ഘകാല ശരാശരിയുടെ 10 ശതമാനം കുറഞ്ഞു. ഇക്കൊല്ലം മഴയുടെ കാലം അപ്പാടെ തെറ്റുക മാത്രമല്ല അളവില്‍ 35 ശതമാനം കുറവുമുണ്ടായി.
കാലാവസ്ഥാ വ്യതിയാന ഫലമായി 2018 മുതല്‍ തുടര്‍ച്ചയായി കേരളം മഴക്കെടുതിയോ കൊടുംചൂടോ ആവര്‍ത്തിച്ച് നേരിടുന്നുണ്ട്. ഇവ അതിതീവ്ര രൂപത്തില്‍ അപ്രതീക്ഷിത ദുരന്തങ്ങളായി മാറുകയും ചെയ്യുന്നു.
2017-ല്‍ ഓഖി ചുഴലിക്കാറ്റോടെ ദുരന്തങ്ങള്‍ വേട്ടയാടാന്‍ തുടങ്ങി. 2018-ലും 19-ലും പ്രളയവും ഉരുള്‍പൊട്ടലുകളും കേരളത്തെ മുക്കി. 1200 മനുഷ്യജീവനുകളാണ് കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ പൊലിഞ്ഞത്. ചുഴലിക്കൊടുങ്കാറ്റുകള്‍, അതിവൃഷ്ടി, ഉരുള്‍പൊട്ടല്‍, പ്രളയം, വരള്‍ച്ച, കടലാക്രമണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ തീവ്രമായി കേരളത്തെ വേട്ടയാടും. അറബിക്കടലിന്റെയും പശ്ചിമഘട്ടത്തിന്റെയും സാന്നിധ്യവും ഭൂമിശാസ്ത്രപരമായ ചരിവും കാലാവസ്ഥാ ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടും.
2001 മുതല്‍ 2019 വരെ ന്യൂനമര്‍ദം രൂപപ്പെടുന്നതില്‍ അറബിക്കടലില്‍ 52 ശതമാനവും ബംഗാള്‍ ഉള്‍ക്കടലില്‍ എട്ടു ശതമാനവും വര്ധനവയുണ്ടായി. ഏതു സീസണിലും അറബിക്കടലില്‍ ന്യൂനമര്‍ദം ഇക്കാലത്ത് രൂപംകൊള്ളുന്നത് മഴക്കെടുതിക്ക് ആക്കംകൂട്ടുന്നു. സംസ്ഥാനത്തിന്റെ 14.5 ശതമാനം പ്രദേശങ്ങളും പ്രളയസാധ്യതയുള്ളതാണ്. കാലം തെറ്റി പെയ്യുന്ന ഇക്കാലത്തെ മഴയും മറ്റൊരു പ്രശ്നമാണ്.
താപനില ഉയരുന്നത് ജലക്ഷാമം രൂക്ഷമാക്കും
നാണ്യവിളകളെക്കാള്‍ ഭക്ഷ്യവിളകളെ മഴക്കെടുതിയും മഴക്കുറവും അമിത ചൂടും പ്രതികൂലമായി ബാധിക്കും. വിളവു കുറയുക മാത്രമല്ല കാലക്രമത്തില്‍ ഫലം തരികയുമില്ല. സംസ്ഥാനത്ത് മഞ്ഞുകാലം മലയോരജില്ലകളില്‍ മാത്രമായി ചുരുങ്ങിയതായും പഠനങ്ങള്‍ പറയുന്നു. ഇത് കാര്‍ഷികോത്പാദനം ഇടിയാന്‍ പ്രധാന കാരണമാണ്.
കൊടുംവരള്‍ച്ചയും ചുഴലിക്കാറ്റും അതിവര്‍ഷവും മിന്നല്‍ ്രളയവുമെല്ലാം തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ സൂചനകളാണ്.അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് കൂടുന്നതിനാല്‍ കടലിലെയും ഭൂമിയിലെയും ചൂട് കൂടുന്നു. ഇത് കൂടുതല്‍ ന്യൂനമര്‍ദങ്ങളും അതിവര്ഷങ്ങളും മിന്നല്‍ പ്രളയങ്ങളുമുണ്ടാക്കും.
ദേശീയ ഇക്കണോമിക് സര്‍വെ പ്രകാരം താപനില വര്‍ധനവിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ അഭിമുഖീകരിക്കേണ്ടിവരുന്ന നാലു സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. പ്രളയഭീഷണി കൂടുതല്‍ നേരിടാന്‍ പോകുന്ന ഏഴ് സംസ്ഥാനങ്ങളിലും കേരളമുണ്ട്.