കുസാറ്റ് അപകടം: ജുഡീഷൽ അന്വേഷണം വേണമെന്ന്
Monday, November 27, 2023 1:37 AM IST
തിരുവനന്തപുരം: കുസാറ്റ് കാംപസിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായുള്ള സംഗീത പരിപാടിക്കിടെയുണ്ടായ ദാരുണ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർവകലാശാല അധികൃതർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അപകട കാരണങ്ങൾ കണ്ടെത്തുന്നതിനായി ജുഡീഷൽ അന്വേഷണം ആവശ്യമാണെന്നും സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ടെക് ഫെസ്റ്റ് നടത്തിപ്പിന്റെ ചുമതലക്കാരനായ യൂത്ത് വെൽഫെയർ ഡയറക്ടർ പി.കെ. ബേബിയെ അന്വേഷണ വിധേയമായി അടിയന്തരമായി സസ്പെൻഡ് ചെയ്യണം. മരണമടഞ്ഞ കുട്ടികൾക്കും പരിക്കേറ്റവർക്കും സാന്പത്തിക സഹായം പ്രഖ്യാപിക്കണം.
ടെക് ഫെസ്റ്റിന്റെ മേൽനോട്ടത്തിന് മുൻകാലങ്ങളിൽ സീനിയർ അധ്യാപകർക്ക് ചുമതല നൽകിയിരുന്നു.
നടപടികൾ കോ-ഓർഡിനേറ്റ് ചെയ്യാനും വിദ്യാർഥികൾക്ക് നിർദ്ദേശങ്ങൾ നൽകാനും ബാധ്യതപ്പെട്ട യൂണിവേഴ്സിറ്റി യൂത്ത് വെൽഫയർ ഡയറക്ടറുടെ വീഴ്ച അതീവഗുരുതരമാണന്നും സേവ് യൂണിവേഴ്സിറ്റി കാന്പയിൻ ആരോപിച്ചു.