“കേരളത്തെ ദ്രോഹിച്ചിട്ട് ഇവിടെ വന്നു ന്യായീകരിക്കുന്നു”; കേന്ദ്ര ധനമന്ത്രിക്കെതിരേ മുഖ്യമന്ത്രി
Monday, November 27, 2023 1:37 AM IST
മുക്കം(കോഴിക്കോട്): കേന്ദ്ര ധനമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ വേണ്ടുവോളം ദ്രോഹിച്ചിട്ട് ഇവിടെ വന്ന് ന്യായീകരിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
തിരുവമ്പാടി മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ സാമ്പത്തികമാന്ദ്യം സംബന്ധിച്ച കണക്ക് രണ്ടു തവണ ആവശ്യപ്പെട്ടിട്ടും, സംസ്ഥാനം തന്നില്ലെന്നു പറഞ്ഞ് തെറ്റിദ്ധരിച്ചിരിക്കുകയാണ്. നിരവധിതവണ കേന്ദ്ര ധനകാര്യ മന്ത്രിയെ സംസ്ഥാന ധനമന്ത്രി നേരിട്ടു കണ്ടും നിവേദനങ്ങൾ നൽകിയും വിഷയം അവതരിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എന്ന നിലയിൽ ഞാന് പ്രധാനമന്ത്രിയോടും കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് അതത് വകുപ്പുകളും വകുപ്പ് മന്ത്രിമാരും കേന്ദ്രമന്ത്രിമാരേയും സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും ഇല്ലെന്നു വരുത്തിത്തീർക്കാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിക്കുന്നത്. നെല്ലുസംഭരണത്തിന്റെ കാര്യത്തിലും തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണു കേന്ദ്ര ധനമന്ത്രി സ്വീകരിച്ചത്.
37,814 കോടി റവന്യൂകമ്മി ഗ്രാന്റ് അനുവദിച്ചു എന്നാണ് കേന്ദ്ര ധനമന്ത്രി പറയുന്നത്. എന്നാൽ, പതിനഞ്ചാം ധനകാര്യ കമ്മീഷൻ റവന്യു കമ്മി ഗ്രാൻഡ് ആയി 53,137 കോടിയാണ് നിശ്ചയിച്ചത്. ഈ തരുന്നതൊന്നും കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും സംസ്ഥാനത്തിന്റെ അവകാശമാണ്- മുഖ്യമന്ത്രി പറഞ്ഞു.
വരുന്ന രണ്ടു വർഷം ഒന്നും ലഭിക്കാത്ത അവസ്ഥയാണന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട് വസ്തുതവിരുദ്ധമായ പ്രസ്താവനയാണു കേന്ദ്ര ധനമന്ത്രി നടത്തിയത്.
2020 ജനുവരി മുതൽ 2023 ജൂൺ വരെ 507. 95 കോടി രൂപയുടെ കുടിശികയാണ് കേന്ദ്രം വരുത്തിയത്. ഇത് സംസ്ഥാനത്തിന് വലിയ പ്രയാസം സൃഷ്ടിച്ചു. മൂന്നര വർഷം കുടിശികയാക്കി കേരളത്തെ ദ്രോഹിക്കുകയായിരുന്നു. എന്നാൽ സംസ്ഥാനം ആ ഫണ്ട് കൂടി കൂട്ടിച്ചേർത്താണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെൻഷനിൽ 90 ശതമാനവും നൽകുന്നത് സംസ്ഥാനം മാത്രമാണ്. സംസ്ഥാനത്തെ ഇത്തരത്തിൽ ദ്രോഹിച്ചിട്ട് ഇവിടെ വന്ന് മറിച്ചു ന്യായീകരിക്കുകയാണ്- മുഖ്യമന്ത്രി ആരോപിച്ചു.