സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ദേശീയ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ്
Monday, November 27, 2023 1:37 AM IST
തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് 2023 കേരളത്തിന്.
ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിനാണ് അവാർഡ് ലഭിച്ചത്. ഗാവ്കണക്റ്റും ഐ-ലൂജ് മീഡിയയും ഐടിവകുപ്പും ചേർന്ന് ലഡാക്കിൽ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡിജിറ്റൽ ഹെൽത്ത് നടപ്പിലാക്കാൻ പദ്ധതിയാവിഷ്ക്കരിച്ചു.
599 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് നടപ്പിലാക്കി. ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും യാഥാർഥ്യമാക്കി. ജീവിതശൈലീ രോഗനിർണയത്തിന് ഇ ഹെൽത്ത് ശൈലീ ആപ്പ് സജ്ജമാക്കി.
കാൻസർ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട് നടപ്പിലാക്കി. ഹൃദ്യം പദ്ധതി സേവനം ഓൺലൈനിലാണ്. ഇതുകൂടാതെയാണ് ആശാധാരയ്ക്കായി പുതിയ പോർട്ടൽ വികസിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.