കുസാറ്റിൽ സംഗീതനിശയ്ക്കു മുന്‍പ് തിക്കിലും തിരക്കിലും 4 മരണം
Sunday, November 26, 2023 2:39 AM IST
കൊച്ചി/ കളമശേരി: കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യില്‍ ഇന്നലെ നടന്ന ടെക് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് മൂന്ന് എൻജിനിയറിംഗ് വിദ്യാർഥികൾ ഉൾപ്പെടെ നാലു പേർ മരിച്ചു.
രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. 49 പേര്‍ക്കു പരിക്കേറ്റു. സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗിലെ സിവില്‍ എന്‍ജിനിയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് വിദ്യാര്‍ഥിനി നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റിഫ്റ്റ, കോഴിക്കോട് താമരശേരി സ്വദേശിനി സാറാ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നി വരാണ് മരിച്ചത്.
നാലു പേരുടെയും മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചികിത്സയിലുള്ള നാലു പേരുടെ നില ഗുരുതരമാണ്. ഇവരില്‍ രണ്ടു പേര് മെഡിക്കല്‍ കോളജിലും രണ്ടു പേര് സ്വകാര്യ ആശുപത്രിയിലുമാണ്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.
36 പേരെ കളമശേരി മെഡിക്കല്‍ കോളജിലാണു പ്രവേശിപ്പിച്ചത്. ഇവരില്‍ രണ്ടു പേരാണ് മരിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇവിടെ രണ്ടു പേര് ഐസിയുവില്‍ ചികിത്സയിലുണ്ട്. പത്തടിപ്പാലം കിന്‍ഡര്‍ ആശുപത്രിയില്‍ 15 പേര് ചികിത്സയിലുണ്ട്.
കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ തമ്പിയുടെ മകനാണ് അതുല്‍(24). അമ്മ ലില്ലി പിഡബ്ല്യുഡിയില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്നു. ഏക സഹോദരന് അജിന് തമ്പി.
താമരശേരി കോരങ്ങാട് താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്കറിയയുടെയും കൊച്ചുറാണിയുടെയും മകളാണു സാറാ തോമസ് (19). സഹോദരിമാർ: സാനിയ, സൂസ.
നോർത്ത് പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് ചവിട്ടുനാടക ആശാന് റോയ് ജോര്‍ജുകുട്ടിയുടെയും സിന്ധുവിന്റെയും മകളാണ് ആന്‍ റിഫ്റ്റ. സഹോദരന്: റിഥുല്‍.