ദുരന്തഭൂമിയിൽ വിറങ്ങലിച്ച്...
Sunday, November 26, 2023 2:38 AM IST
സിജോ പൈനാടത്ത്
കളമശേരി: ഊരിത്തെറിച്ച ചെരുപ്പുകള്‍, ബാഗുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ ... ആഘോഷരാവില്‍ ഒപ്പമായിരുന്നവരില് ചിലര്‍ തങ്ങളെ വിട്ടകന്നെന്നു വിശ്വസിക്കാന്‍ പാടുപെടുന്ന വിതുമ്പലൊഴിയാത്ത വിദ്യാര്‍ഥി മുഖങ്ങള്‍ ... ദുരന്തഭൂമിയിലെ ശേഷിപ്പുകളെ ഓര്‍മിപ്പിക്കുന്ന കാഴ്ചകളായിരുന്നു കളമശേരി കുസാറ്റ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ രാവിനു പറയാനുണ്ടായിരുന്നത്.
മൂവായിരത്തോളം പേരെ ഉള്‍ക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിലാണ് സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ടെക്ഫെസ്റ്റിന്റെ ഭാഗമായി ഗാനസന്ധ്യ ആരംഭിച്ചത്. ഫെസ്റ്റിന്റെ സമാപനത്തിന്റെ ഭാഗമായി ഡിജെ ഉള്‍പ്പെടെയുള്ള ആഘോഷരാവായിരുന്നു ഒരുക്കിയിരുന്നത്. രണ്ടായിരത്തിലധികം പേര് ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രമുഖ പിന്നണി ഗായിക നിഖിത ഗാന്ധിയുടെ സംഗീതപരിപാടി ആസ്വദിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്കു പുറമേ പുറത്തുനിന്നുള്ളവര്‍ക്കും പ്രവേശനമുണ്ടെന്ന് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും നേരത്തെ അറിയിപ്പുണ്ടായിരുന്നു. ഇതറിഞ്ഞാണ് പുറത്തുനിന്നു വിദ്യാര്‍ഥികളും പൊതുജനങ്ങളും സ്ഥലത്തെത്തിയത്. തിരക്ക് ക്രമാതീതമായേക്കുമെന്ന സൂചന കിട്ടിയതോടെ സ്റ്റുഡന്റ്സ് ഐഡന്റിറ്റി കാര്‍ഡുള്ളവരെ മാത്രമാണ് അകത്തേക്കു പ്രവേശിച്ചിപ്പിച്ചത്. തിരക്കു നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നതും വിദ്യാര്‍ഥികള്‍ തന്നെ.
അകത്തേക്കും പുറത്തേക്കും പ്രവേശിക്കാന്‍ ഒരു ഗേറ്റ് മാത്രമുണ്ടായിരുന്ന ഓഡിറ്റോറിയത്തിനു പുറത്ത്, വലിയ ആള്‍ക്കൂട്ടമാണു തമ്പടിച്ചത്. അകത്തു കയറാന്‍ അവസരം തേടിനിന്ന ഇവര്‍, മഴ പെയ്തതോടെ തള്ളിക്കയറുകയായിരുന്നുവെന്നുവെന്നാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്.
ഗേറ്റ് തുറന്നു നേരെ താഴേയ്ക്കുള്ള പടികളിറങ്ങിയാണ് ഓഡിറ്റോറിയത്തിലേക്കു നീങ്ങേണ്ടതെന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. തിക്കിത്തിരക്കിയെത്തിയ നിരവധി പേര് പടികളില്‍ കാല്തെറ്റിവീണു. ഇവര്‍ക്കു മീതെ മറ്റുള്ളവരും. തിരക്കിനിടയിലെ വീഴ്ചയുടെ ആഘാതവും മറ്റുള്ളവരുടെ ചവിട്ടുകളുമേറ്റതാണ് ജീവാപായത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഫെസ്റ്റിന്റെ അവസാന ദിനം...
കുസാറ്റിലെ സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് സംഘടിപ്പിക്കുന്ന ടെക്നിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ അവസാന ദിനമായ ഇന്നലെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യയോടെയാണു പരിപാടിയുടെ സമാപനം ഒരുക്കിയിരുന്നത്. കോവിഡ് കാരണം കഴിഞ്ഞ മൂന്നു വര്‍ഷമായി ടെക്നിക്കല്‍ ഫെസ്റ്റ് നടത്തിയിരുന്നില്ല. ഈ വര്‍ഷമാണു ഫെസ്റ്റ് പുനരാരംഭിച്ചത്.
കാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ തയാറാക്കിയ വേദിയിലായിരുന്നു പരിപാടി. പാസ് മുഖേന നിയന്ത്രിച്ചിരുന്ന പരിപാടി കാണാന്‍ മറ്റു കോളജുകളിലെയും വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. ഇന്നലെ പരിപാടി ആരംഭിക്കുന്നതിനു മുമ്പുതന്നെ ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാര്‍ഥികളുടെ വലിയ തിരക്കുണ്ടായിരുന്നു.
ആളുകളെ നിയന്ത്രിക്കുന്നതിനായി ബാരിക്കേഡുകള്‍ കെട്ടിയടച്ചാണ് ഓഡിറ്റോറിയം സജ്ജമാക്കിയിരുന്നത്. ഒരു ഗേറ്റ് മാത്രമാണ് ഓഡിറ്റോറിയത്തിന് അകത്തേക്കും പുറത്തേക്കും കടക്കാനുണ്ടായിരുന്നത്. പെട്ടെന്നു മഴ പെയ്തപ്പോള്‍ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവര്‍ തിക്കിത്തിരക്കി കയറി. ഇതോടെയാണ് ദാരുണമായ അപകടമുണ്ടായത്.
മുകളില്‍നിന്നു താഴേക്ക് പടികളായുള്ള രീതിയിലാണ് ഓഡിറ്റോറിയം. ആളുകള്‍ തള്ളിക്കയറിയതോടെ ഗേറ്റിനു സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പടികളിൽ വീണു. ഇവരുടെ മുകളിലൂടെയാണ് തള്ളിക്കയറിയ ആളുകൾ കടന്നുപോയത്. തിക്കിലും തിരക്കിലും ശ്വാസം മുട്ടി വിദ്യാര്‍ഥികളില്‍ പലരും ബോധരഹിതരായി വീണു. ഇവരാണു മരിച്ചത്.