പറവൂരില്‍ നവകേരള സദസിനു പണം നല്കാന് തീരുമാനിച്ചത് സതീശന്റെ വേണ്ടപ്പെട്ടവർ: പിണറായി
Sunday, November 26, 2023 2:38 AM IST
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിചയക്കാരും വേണ്ടപ്പെട്ടവരുമായ കോണ്‍ഗ്രസ് നേതാക്കള്‍ ഏകകണ്ഠമായാണ് പറവൂര്‍ മുനിസിപ്പാലിറ്റിയില്‍ നവകേരള സദസിനു പണം നല്കാന് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മുനിസിപ്പല്‍ സെക്രട്ടറിക്ക് തുക നല്കാന് അധികാരമുണ്ടെന്നും കോഴിക്കോട്ട് നവകേരള സദസിന്റെ പ്രഭാതയോഗത്തിനുശേഷമുള്ള വാര്‍ത്താസേമ്മളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
വി.ഡി. സതീശന് പറവൂരിന്റെ എംഎല്‍എയാണ്. നവകേരള സദസുമായി ആരും സഹകരിക്കരുതെന്നാണ് അദ്ദേഹത്തിനു നിര്‍ബന്ധം. സഹകരണത്തിന്റെ നില എന്താണെന്ന് പറവൂരിലെത്തുമ്പോള്‍ നമുക്കു കാണാം. ആളുകള്‍ എങ്ങിനെയാണ് പങ്കെടുക്കന്നതെന്ന് കാണാം. കോണ്‍ഗ്രസ് നേതാക്കളുടെ ഏകകണ്ഠമായ തീരുമാനപ്രകാരമാണ് പണം അനുവദിച്ചത്.
മുനിസിപ്പല്‍ സെക്രട്ടറി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫണ്ട് നല്‍കുകയും ചെയ്തു. അതിനുള്ള അധികാരം സെക്രട്ടറിക്കുണ്ട്.പണം കൊടുത്താൽ പറവൂരില്‍ ഇരിക്കില്ലെന്ന് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത് പ്രതിപക്ഷ നേതാവാണ്.
മന്ത്രിയൊ സര്‍ക്കാരോ അല്ല. തദ്ദേശസ്ഥാപനങ്ങള്‍ക്ക് പൊതുവായ ഭരണസംവിധാനമുണ്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. സഹായം ചെയ്യാന്അധികാരമുണ്ട്. അത് ഉപയോഗപ്പെടുത്തുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.