മുഖ്യമന്ത്രിക്കു പ്രതിപക്ഷ നേതാവിന്റെ മറുപടി; ജനപിന്തുണ തെരഞ്ഞെടുപ്പിൽ
കാണാമെന്ന് വി.ഡി. സതീശൻ
Sunday, November 26, 2023 2:38 AM IST
തിരുവനന്തപുരം: നവകേരള സദസിന്റെ ജനപിന്തുണ കാണാൻ പറവൂർവരെ വരേണ്ട കാര്യമില്ലെന്നും തെരഞ്ഞെടുപ്പിൽ കാണാമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഔദ്യോഗിക സംവിധാനങ്ങൾ ദുരപയോഗിച്ച് ഭീഷണിപ്പെടുത്തി വരുത്തുന്നവരും പാർട്ടി പ്രവർത്തകരുമാണ് പരിപാടിക്കെത്തുന്നത്.
കുടുംബശ്രീ അംഗങ്ങളെയും ആശാവർക്കർമാരെയും തൊഴിലുറപ്പു തൊഴിലാളികളെയും വിളിച്ചുവരുത്തി ജനപിന്തുണ കാണിക്കാനാണെങ്കിൽ അതിന് പറവൂരിൽ വരേണ്ട കാര്യമില്ല. ജനപിന്തുണ തെളിയിക്കേണ്ടത് തെരഞ്ഞെടുപ്പിലാണെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരെയും നവകേരള സദസിനായി ഉപയോഗിക്കുന്നു. യുഡിഎഫ് പരാതിപ്പെട്ടതിനെത്തുടർന്ന് ബിഎൽഒമാരെ നിയോഗിക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കമ്മീഷൻ നിർദേശം നൽകി. ഇതു മറികടന്നാണ് ബിഎൽഒമാരെ നിയോഗിക്കുന്നത്.
തൃശൂരിലെ മണലൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടെ നവകേരള സദസിന്റെ സംഘാടക സമിതി കണ്‍വീനർമാരായി ബിഎൽഒമാരെ നിയോഗിച്ചു. പ്രവർത്തിച്ചില്ലെങ്കിൽ നടപടി എടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ബിഎൽഒമാരെ ഭീഷണിപ്പെടുത്തുന്നു.
പരിപാടിക്കായി ജിഎസ്ടി, രജിസ്ട്രേഷൻ ഉദ്യോഗസ്ഥർ വ്യാപകമായി പണപ്പിരിവ് നടത്തുന്നു. ക്വാറികളിൽ നിന്നും സ്വർണക്കച്ചവടക്കാരിൽനിന്നും ജിഎസ്ടി ഇന്റലിജൻസ് അഡീഷണൽ കമ്മീഷണറുടെ നേതൃത്വത്തിലാണ് പണപ്പിരിവെന്നും അദ്ദേഹം ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തെ സാക്ഷിയായാണ് പോലീസ് വിളിച്ച് വരുത്തിയത്. തങ്ങൾക്കാർക്കും നെഞ്ചുവേദന വരികയോ ആംബുലൻസ് വിളിക്കുകയോ ചെയ്യില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.