കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കാന്‍ അനുമതി
Sunday, November 26, 2023 2:38 AM IST
കൊച്ചി: കിഫ്ബി മസാല ബോണ്ടുകൾ ഇറക്കിയതില്‍ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി മുന്‍ മന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് തുടങ്ങിയവര്‍ക്ക് പുതിയ സമന്‍സ് അയയ്ക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഹൈക്കോടതി അനുമതി നല്കി.
തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ സമന്‍സ് അയയ്ക്കാമെന്നും അന്വേഷണം തുടരാമെന്നും വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച് ഇവ ഹൈക്കോടതിയുടെ തുടര്‍ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്.
മസാല ബോണ്ടുവഴി വിദേശത്തുനിന്ന് കിഫ്ബി പണം സമാഹരിച്ചതിലും വിനിയോഗിച്ചതിലും വിദേശ നാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്നാണു ഇഡി അന്വേഷിക്കുന്നത്.
ഇഡി തുടര്‍ച്ചയായി സമന്‍സ് നല്കി ബുദ്ധിമുട്ടിക്കുന്നെന്ന് ആരോപിച്ചു തോമസ് ഐസക്കും കിഫ്ബി അധികൃതരും നല്കിയ ഹര്‍ജിയില്‍ ഇവര്‍ക്ക് സമന്‍സ് നല്‍കുന്നത് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു.
ഈ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് പുതിയ സമന്‍സ് തയാറാക്കി അയയ്ക്കാന്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന് അനുമതി നല്‍കിയത്. തങ്ങള്‍ ചെയ്ത കുറ്റമെന്താണെന്നോ ഫെമ നിയമത്തില്‍ എന്തു ലംഘനമാണുണ്ടായതെന്നോ വിശദീകരിക്കാതെയാണു സമന്‍സ് നല്‍കുന്നതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.