അമ്മയുടെ കണ്മുന്നില് മകള്‍ ട്രെയിൻ തട്ടി മരിച്ചു
Sunday, November 26, 2023 2:38 AM IST
കുമാരനല്ലൂർ: കുമാരനല്ലൂർ ദേവീക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ റെയില്‍വേ പാലം മുറിച്ചു കടക്കുന്നതിനിടെ അമ്മയുടെ കൺമുന്നിൽ മകൾ ട്രെയിൻ തട്ടി മരിച്ചു. മുത്തോലി വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കൽ സ്മിത അനിൽ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ന് കുമാരനല്ലൂർ റെയിൽവേ ക്രോസിലായിരുന്നു സംഭവം.
അമ്മ ചന്ദ്രികയുമൊത്ത് കുമാരനല്ലൂർ തൃക്കാർത്തിക മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സ്മിത. ക്ഷേത്ര ദർശനവും ആറാട്ട് തിരിച്ചെഴുന്നള്ളിപ്പും തൊഴുത് മടങ്ങുന്പോഴായിരുന്നു അപകടം.
റെയിൽവേ മേൽപ്പാലത്തിന്റെ നടപ്പാതയിലൂടെ യാത്ര ദുഷ്കരമായതിനാൽ ഇരുവരും നേരിട്ട് റെയിൽവെ ലൈൻ മുറിച്ചു കടക്കാൻ ഒരുങ്ങി. സ്മിത മുൻപിലായി നടന്നു. പിന്നാലെയെത്തിയ ചന്ദ്രികയാണ് ട്രെയിൻ വരുന്നത് കണ്ടത്. സ്മിത ട്രെയിൻ ശ്രദ്ധിക്കാതെ പാളത്തിലേക്ക് കയറി. ഉടനെ പരിഭ്രാന്തിയോടെ ചന്ദ്രിക പാളത്തിൽനിന്നും സ്മിതയെ വലിച്ചെടുക്കാൻ ശ്രമിച്ചു.
എന്നാൽ അതിവേഗതയിലെത്തിയ ട്രെയിൻ സ്മിതയെ തട്ടി. എറണാകുളത്തു നിന്നും കായംകുളത്തേയ്ക്ക് പോവുകയായിരുന്ന മെമു ട്രയിനാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിനിടയിൽപ്പെട്ട് സ്മിതയുടെ ശരീരം ചിന്നഭിന്നമായി. തൽക്ഷണം മരണപ്പെട്ടു. ഉറക്കെ കരയാൻ പോലും കഴിയാതെ ചന്ദ്രിക കുഴഞ്ഞു വീണു.
ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. നീണ്ടൂർ പ്രാവട്ടം ചെറുമുട്ടത്ത്കളപ്പുരയിൽ കുടുംബാംഗമാണ് സ്മിത. ഭർത്താവ്: അനിൽ (ഗ്രാന്റ് ഹോട്ടൽ ഗ്രൂപ്പ് കമ്പനി ഡ്രൈവർ).
മക്കൾ: അമൃത അനിൽ ( നഴ്സിംഗ് വിദ്യാർഥി മാണ്ഡ്യ), ആദിത്യൻ അനിൽ (എട്ടാം ക്ലാസ് വിദ്യാർഥി പാലാ സെന്റ് തോമസ് എച്ച്എസ്എസ്).