നാടു മുഴുവന്‍ കൈകോര്‍ത്തു; സെല്‍വിന്റെ ഹൃദയതാളം ഇനി ഹരിനാരായണനില്‍
Sunday, November 26, 2023 2:38 AM IST
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ(36) ഹൃദയം പതിനാറുകാരനായ കായംകുളം സ്വദേശി ഹരിനാരായണനില്‍ തുടിക്കും.
തിരുവനന്തപുരത്തു നിന്ന് ഇന്നലെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം എറണാകുളത്ത് എത്തിച്ച ഹൃദയം ഉച്ചയോടെയാണു ഹരിനാരായണന്റെ ശരീരത്തില്‍ വച്ചുപിടിപ്പിച്ചത്. എറണാകുളം ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന അസുഖമായിരുന്നു ഹരിനാരായണന്. കടുത്ത ശ്വാസതടസത്തെത്തുടര്‍ന്ന് ഏപ്രിലിലാണ് ലിസി ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. മരുന്നുകള്‍കൊണ്ടു ഫലമില്ലാതെ വന്നതോടെ ഹൃദയം മാറ്റിവയ്ക്കലായി ഏക പോംവഴി.
കഴിഞ്ഞ മാസമാണു കേരള സര്‍ക്കാര്‍ സംവിധാനമായ കെ സോട്ടോയില്‍ ഹരിനാരായണന്റെ പേര് ഹൃദയത്തിനായി രജിസ്റ്റര്‍ ചെയ്തത്. ഹൃദയം ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നു മനസിലാക്കിയ ഹരിനാരായണന്റെ കുടുംബം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഭാരിച്ച ചികിത്സാച്ചെലവ് താങ്ങാന്‍ കഴിയാതെ തിരിച്ചുവരികയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണു കെ സോട്ടോയില്നിന്നും അവയവദാനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സമാന രക്തഗ്രൂപ്പില്‍പ്പെട്ട സെല്‍വിന്റെ ഹൃദയം അനുയോജ്യമാണെന്നു മനസിലാക്കിയതോടെ ലിസി ആശുപത്രിയില്‍നിന്ന് ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ജീവേഷ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ മെഡിക്കല്‍ സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
ഇന്നലെ രാവിലെ ഏഴോടെയാണു ഹൃദയം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്. പത്തോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തിരുവന്തപുരത്തുനിന്ന് എറണാകുളത്തേക്ക് റോഡ് മാര്‍ഗം സമയം ഏറെ എടുക്കുമെന്നതിനാല്‍ ആശുപത്രി അധികൃതര്‍ മന്ത്രി പി. രാജീവുമായി ബന്ധപ്പെട്ടു. ഇക്കാര്യം മന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചതോടെ ഹെലികോപ്റ്റര്‍ വിട്ടുനല്‍കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്കി.
രാവിലെ 10.20ന് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട ഹെലികോപ്റ്റര്‍ 11.10ന് ഹയാത്ത് ഹെലിപ്പാഡില്‍ എത്തിച്ചേര്‍ന്നു. ഈ സമയം ഹയാത്തില്‍നിന്ന് ലിസി ആശുപത്രിയിലേക്ക് ആംബുലന്‍സ് കടന്നുപോകാനായി തടസങ്ങള്‍ നീക്കി പോലീസ് പാതയുമൊരുക്കിയിരുന്നു. വെറും മൂന്നു മിനിറ്റുകൊണ്ടാണ് മുളവുകാടുനിന്ന് ഹൃദയവുമായി ആംബുലന്‍സ് ലിസി ആശുപത്രിയില്‍ എത്തിയത്. ഉടന്‍ തന്നെ ശസ്ത്രക്രിയയും ആരംഭിച്ചു.
12.30ന് ഹരിനാരായണനില്‍ സെല്‍വിന്റെ ഹൃദയം മിടിക്കാന്‍ തുടങ്ങി. 3.45ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയശേഷം ഹരിനാരായണനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. അടുത്ത 48 മണിക്കൂര്‍ ശസ്ത്രക്രിയ പോലെ തന്നെ പ്രധാനപ്പെട്ടതാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപുറം പറഞ്ഞു.
തമിഴ്നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു കന്യാകുമാരി വിളവിൻകോട് സ്വദേശി സെൽവിൻ ശേഖർ (36). ഭാര്യ ഗീതയും അവിടെ സ്റ്റാഫ് നഴ്സാണ്. കടുത്ത തലവേദന വന്നതിനെത്തുടർന്ന് അവിടുത്തെ ആശുപത്രിയിലും കഴിഞ്ഞ 21ന് കിംസിലും സെൽവിൻ ശേഖർ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകൾ തുടരവേ 24ന് മസ്തിഷ്ക മരണം സംഭവിച്ചു. അവയവദാനത്തിന്റെ പ്രാധാന്യമറിയുന്ന ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്.
ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കണ്ണുകൾ എന്നിങ്ങനെയാണ് ദാനം നൽകിയത്. ഹൃദയം ലിസി ആശുപത്രിയിലെ രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കുമാണ് നൽകുന്നത്. കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്ക് നൽകും.