ചെറിയ പ്ലോട്ടുകളിലെ കെട്ടിട നിര്‍മാണത്തിന് ഡെവലപ്മെന്റ് പെര്‍മിറ്റ് വേണ്ട: ഹൈക്കോടതി
Sunday, November 26, 2023 2:38 AM IST
കൊച്ചി: ചെറിയ പ്ലോട്ടുകളിലെ കെട്ടിടനിര്‍മാണ അനുമതിക്കായി ഡെവലപ്മെന്റ് പെര്‍മിറ്റ് ആവശ്യമില്ലെന്നു ഹൈക്കോടതി.
12 സെന്റ് വരുന്ന സ്ഥലത്ത് വീടു വയ്ക്കുന്നതിന് പാലക്കാട് മങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനുമതി നിഷേധിച്ചതിനെതിരേ ഭൂവുടമ പി. ശ്രീവിദ്യ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ബെച്ചു കുര്യന് തോമസാണ് ഇതു വ്യക്തമാക്കിയത്.
വലിയ പ്ലോട്ടിന്റെ ഭാഗമായിരുന്ന ഭൂമിയാണ് വീടു വയ്ക്കാന്‍ ഹര്‍ജിക്കാരി വാങ്ങിയത്. തുടര്‍ന്ന് കെട്ടിടനിര്‍മാണ പെര്‍മിറ്റിന് അപേക്ഷ നല്കിയപ്പോള് ഭൂമിയിലേക്കുള്ള റോഡ്, കുളം തുടങ്ങിയവ വ്യക്തമാക്കി ഡെവലപ്മെന്റ് പെര്‍മിറ്റ് വേണമെന്നു ചൂണ്ടിക്കാട്ടി അപേക്ഷ തള്ളി.
വലിയ പ്ലോട്ടുകളിലെ കെട്ടിട നിര്‍മാണങ്ങള്‍ക്കാണ് ഈ വ്യവസ്ഥ ബാധകമെന്നും ചെറിയ പ്ലോട്ടുകളില്‍ ഇതു വേണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അപേക്ഷ റദ്ദാക്കിയ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. അപേക്ഷ ഒരുമാസത്തിനകം പരിഗണിച്ചു തീര്‍പ്പാക്കാനും നിര്‍ദേശിച്ചു.