വിലാസക്കാരനെ കണ്ടെത്താനാകാതെവന്ന സാധനങ്ങള്‍ തപാല്‍വകുപ്പ് ലേലം ചെയ്യുന്നു
Sunday, November 26, 2023 2:38 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: അവകാശികളെ കണ്ടെത്താനാവാതെ ഓഫീസുകളിൽ സൂക്ഷിക്കുന്ന സാധനങ്ങള്‍ തപാല്‍ വകുപ്പ് ലേലം ചെയ്യുന്നു. ഉടമസ്ഥരെ കണ്ടെത്താന്‍ സാധിക്കാത്തതും തിരിച്ചെത്തിയതുമായവമാണ് ഇവയൊക്കെ. വിദേശ രാജ്യങ്ങളില്‍നിന്നു തിരിച്ചു വന്നവയാണ് കൂടുതല്‍ സാധനങ്ങളും. ഒരു വര്‍ഷം കഴിഞ്ഞിട്ടും കൈമാറ്റം നടക്കാതെ വരുന്നവ ലേലം ചെയ്യണമെന്നാണ് ചട്ടം. അവസാനമായി ലേലം നടത്തിയത് 2005ലാണ്. പിന്നീട് വിവിധ കാരണങ്ങളാല്‍ നടപടി മുടങ്ങി.
പുസ്തകങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ബ്ലൂടുത്ത് ഹെഡ് സെറ്റുകള്‍, പെന്‍ ഡ്രൈവുകള്‍, സ്പീക്കറുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍, പവര്‍ ബാങ്കുകള്‍, ഹാര്‍ഡ് ഡിസ്ക്, വാച്ചുകള്‍, ഇലക്ട്രിക് സാധനങ്ങള്‍, ബാഗ്, പഴ്സ്, തുണികള്‍, ഫാന്‍സി സാധനങ്ങള്‍, ചെരിപ്പുകള്‍, പാത്രങ്ങള്‍, ബോഡി മസാജര്‍, ഷൂസ്, ദോശക്കല്ല്, ഉരുളി, ഫ്ളാസ്ക് തുടങ്ങി വിവിധയിനം സാധനങ്ങളാണ് ലേലം കാത്തുകിടക്കുന്നത്.
2024 ജനുവരി രണ്ടിന് രാവിലെ 10ന് തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസിലാണ് ലേലം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 500 രൂപ അടച്ചു മുന്‍കൂര്‍ ടോക്കണ്‍ എടുക്കണം. ഡിസംബര്‍ 26 മുതല്‍ ജനുവരി രണ്ടിന് രാവിലെ 9.30 വരെ ചീഫ് പോസ്റ്റ്മാസ്റ്ററുടെ ഓഫീസില്‍നിന്നു ടോക്കണ്‍ വാങ്ങാം.
ലേലത്തില്‍ സ്വന്തമാക്കുന്ന സാധനങ്ങളുടെ വിലയുടെ 50 ശതമാനം അപ്പോള്‍ തന്നെ അടയ്ക്കണം. ലേലം നേടി എന്ന് അറിയിപ്പു ലഭിച്ച് 24 മണിക്കുറിനുള്ളില്‍ ലേലവസ്തു കൈപ്പറ്റിയില്ലെങ്കില്‍ ടോക്കൺ തുകയും അടച്ച തുകയും നഷ്ടമാകും.