ബഹിരാകാശ മേഖലയിലെ സാധ്യതകൾ വർധിച്ചു: കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
Sunday, November 26, 2023 2:38 AM IST
തിരുവനന്തപുരം: സ്വയം അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങളുടെ ചട്ടക്കൂടിൽ നിന്ന് ഇന്ത്യൻ ബഹിരാകാശ രംഗത്തെ എല്ലാവർക്കുമായി തുറന്നു നൽകിയ കേന്ദ്രസർക്കാരിന്റെ പരിഷ്കാരം ഈ രംഗത്ത് വൻ നേട്ടങ്ങൾക്ക് കാരണമായെന്ന് കേന്ദ്ര ബഹിരാകാശ ശാസ്ത്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്.
തിരുവനന്തപുരം തുന്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ആദ്യ സൗണ്ടിംഗ് റോക്കറ്റ് കുതിച്ചതിന്റെ അറുപതാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ബഹിരാകാശ മേഖലയിൽ 150 ഓളം സ്റ്റാർട്ടപ്പുകൾ പ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും യാഥാർഥ്യമാക്കുന്നതിൽ വിഎസ്എസ്സി നിർണായക പങ്കു വഹിച്ചു.
ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്റെ അറുപതാം വാർഷത്തിൽ തന്നെ ചന്ദ്രയാൻ ദൗത്യം വിജയിച്ചത് അപൂർവ യാദൃശ്ചികതയാണെന്നും അദ്ദേഹം പറഞ്ഞു.