സ്വകാര്യ സർവകലാശാല: വേഗം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി
Sunday, November 26, 2023 2:38 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച സ്വകാര്യ സർവകലാശാല യഥാർഥ്യമാകുന്ന കാര്യത്തിൽ തീരുമാനം വേഗത്തിലാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസിന്റെ കോഴിക്കോട് ജില്ലയിലെ രണ്ടാം ദിനത്തിൽ നടന്ന പ്രഭാതയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തോട്ടം മേഖല കൂടുതലായി ടൂറിസം ആവശ്യത്തിന് വിട്ടുനൽകണമെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ പൊതുയോജിപ്പ് ആയിട്ടില്ല. തോട്ടത്തെ തോട്ടമായി സംരക്ഷിച്ചു നിർത്താനാണ് സർക്കാർ തീരുമാനം.
സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ, സാംക്രമിക രോഗങ്ങൾ എന്നിവയുടെ ഡാറ്റ അറിയാനും വിശകലനം ചെയ്യാനും സ്റ്റേറ്റ് മെഡിക്കൽ റിസർച്ച് കൗൺസിൽ രൂപീകരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കും.
സാംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ ഇൻസ്റ്റിറ്റ്യുട്ടിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയായികൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു