കിസാന്‍ മഹാപഞ്ചായത്ത് ഡിസംബര്‍ 20ന്
Sunday, November 26, 2023 2:38 AM IST
കൊച്ചി: കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ നടത്തുന്ന കിസാന്‍ മഹാപഞ്ചായത്തിന് പാലക്കാട് ഡിസംബര്‍ 20ന് തുടക്കമാകും.
ദേശീയ കര്‍ഷക നേതാക്കളായ ശിവകുമാര്‍ കക്കാജി, ജഗജീത് സിംഗ് ദല്ലോവാന്‍ എന്നിവരുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകനേതാക്കള്‍ പങ്കെടുക്കും. കിസാന്‍ മഹാ പഞ്ചായത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണ സമ്മേളനം ഇന്നു രാവിലെ 11ന് പാലക്കാട് ചക്കാന്തറയിലുള്ള പാസ്റ്ററല്‍ സെന്ററില്‍ നടക്കും.
കിസാന്‍ മഹാപഞ്ചായത്തിന് മുന്നൊരുക്കമായി നടന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനത്തില്‍ സംസ്ഥാന ചെയര്മാന് അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. ദേശീയ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ.വി. ബിജു, വൈസ് ചെയര്മാന് ജോയി കണ്ണഞ്ചിറ എന്നിവര്‍ വിഷയാവതരണം നടത്തി.