കേന്ദ്ര കർഷക വിരുദ്ധ നയങ്ങൾക്കെതിരേ തൊഴിലാളി-കർഷക-കർഷകത്തൊഴിലാളി രാജ്ഭവൻ മാർച്ച്
Sunday, November 26, 2023 2:38 AM IST
തിരുവനന്തപുരം: സംസ്ഥാന തൊഴിലാളി- കർഷക- കർഷകത്തൊഴിലാളി സംയുക്ത വേദിയുടെ ത്രിദിന രാജ്ഭവൻ ധർണയ്ക്ക് ഇന്നു തുടക്കമാകും. ഇന്നു രാവിലെ 10 മണി മുതൽ 28വരെ നീളുന്ന സമരത്തിൽ ട്രേഡ് യൂണിയൻ, കർഷക- കർഷകത്തൊഴിലാളി വിഭാഗങ്ങളുടെ 33 സംഘടനകൾ പങ്കെടുക്കും.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധവും തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങൾക്കെതിരേയാണ് രാജ്ഭവനു മുന്നിലുള്ള സമരം.
ഇന്നു രാവിലെ 10നു കർഷക തൊഴിലാളി യൂണിയൻ ദേശീയ പ്രസിഡന്റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. എല്ലാ ദിവസവും രാത്രി എട്ടുവരെയാണു സമരം.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, യുടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകളും കേരള കർഷക സംഘം, കിസാൻസഭ, കർഷക യൂണിയൻ -എം, കർഷക കോണ്ഗ്രസ്-എസ്, കിസാൻജനത തുടങ്ങിയ കർഷക സംഘടനകളടക്കമുള്ളവ സമരത്തിൽ പങ്കെടുക്കുമെന്നു ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് തുടങ്ങിയവർ അറിയിച്ചു.