സിപിഎം നേതാവിന്റെ ‘തട്ടം’ പരാമർശം: പ്രതിഷേധം പുകയുന്നു
Wednesday, October 4, 2023 1:37 AM IST
മലപ്പുറം: മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികൾ തലയിലെ തട്ടം ഉപേക്ഷിക്കുന്നതു സിപിഎമ്മിന്റെ സ്വാധീനം മൂലമാണെന്ന സിപിഎം നേതാവ് കെ. അനിൽകുമാറിന്റെ പരാമർശം വിവാദത്തിൽ. അനിൽകുമാർ മുസ്ലിം പെണ്‍കുട്ടികളെ അപമാനിച്ചതായും മാപ്പുപറഞ്ഞ് പ്രസ്താവന പിൻവലിക്കണമെന്നും വിവിധ മുസ്ലിം സംഘടനകളും നേതാക്കളും ആവശ്യപ്പെട്ടു.
തലയിൽ തട്ടമിടുന്ന പെണ്‍കുട്ടികൾ അത് ഒഴിവാക്കിയിട്ടില്ലെന്നും പുതുതലമുറ പോലും തട്ടമിടുന്നുണ്ടെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മലപ്പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു.
അനിൽകുമാറിന്റെ പ്രസ്താവനയെ ഗൗരവമായിത്തന്നെ കാണണം. മലപ്പുറം എന്നു കേട്ടാൽ മാർക്സിസ്റ്റ് പാർട്ടിക്ക് അലർജിയാണ്. രാജ്യത്ത് എന്തെല്ലാം പ്രശ്നങ്ങളാണു നിലവിലുള്ളത്. അതൊന്നും കാണാതെ മലപ്പുറത്തെ പെണ്‍കുട്ടികളുടെ തട്ടം മാറ്റാനാണു സിപിഎം ശ്രമിച്ചത്.
മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചു ജയിക്കുന്നുവെന്നു പറഞ്ഞതു പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയും നിയമസഭാ കക്ഷി നേതാവുമെല്ലാം ആയ ആളാണ്. ഇത് അവരുടെ രക്തത്തിൽ അലിഞ്ഞതാണെന്നും പി.എം.എ. സലാം പറഞ്ഞു.