കാര്‍ പുഴയിലേക്കു മറിഞ്ഞ് രണ്ടു യുവഡോക്ടർമാര്‍ മരിച്ചു
Monday, October 2, 2023 5:06 AM IST
പറവൂര്‍: അഞ്ചംഗസംഘം സഞ്ചരിച്ചിരുന്ന കാര്‍ വഴിതെറ്റി പുഴയിലേക്കു മറിഞ്ഞ് രണ്ടു യുവ ഡോക്ട്മാര്ക്ക് ദാരുണാന്ത്യം. മൂന്നു പേരെ രക്ഷപ്പെടുത്തി.
കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയുടെ കീഴിലുള്ള എആര്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപ്രതിയിലെ ഡോക്ടര്‍മാരായ കൊടുങ്ങല്ലൂര്‍ മതിലകം പാമ്പിനേഴത്ത് അജ്മല്‍ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറ തുണ്ടിയില്‍ എം.എസ്. അദ്വൈത് (28) എന്നിവരാണു മരിച്ചത്. എറണാകുളത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുമ്പോൾ ഇന്നലെ പുലര്‍ച്ചെ 2.30ന് ഗോതുരുത്ത് കടല്‍വാതുരുത്ത് പെരിയാറിന്റെ കൈവഴിയിലാണ് ദുരന്തമുണ്ടായത്.
ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന എആര്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടറും എറിയാട് സ്വദേശിയുമായ ഖാസിക്, കോട്ടയം സ്വദേശിയായ മെയില്‍ നഴ്സ് ജിസ്മോന്, കോഴിക്കോട് കരുണ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി തമന്ന എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അദ്വൈതിന്റെ പിറന്നാള്‍ ആഘോഷിക്കാനായി എറണാകുളത്ത് പോയി തിരികെ കൊടുങ്ങല്ലൂരിലേക്കു മടങ്ങുന്പോഴായിരുന്നു അപകടം. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഗൂഗിള്‍ മാപ്പ് ദിശ തെറ്റിച്ചതാണോ അപകടകാരണമെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല.
പറവൂരില്‍നിന്നു ദേശീയപാത 66ലൂടെ വന്ന ഇവര്‍ ലേബര്‍ കവലയില്‍ എത്തി ഇടത്തോട്ട് തിരിയുന്നതിനു പകരം വലത്തേക്ക് തിരിഞ്ഞതോടെയാണ് വഴി തെറ്റി കാർ പുഴയിലേക്കു വീണതെന്ന് കാറിലുണ്ടായ യുവതി പറഞ്ഞു.
വടക്കുംപുറത്ത് കെട്ടിടനിര്‍മാണത്തിനു വന്ന മലപ്പുറം സ്വദേശി അബ്ദുള്‍ ഹഖാണ് ഒപ്പമുണ്ടായിരുന്നവരെയും കൂട്ടി ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. കാര്‍ വെള്ളത്തില്‍ പതിച്ചതിനു പിന്നാലെ വാഹനത്തിനുള്ളില്‍നിന്നു പുറത്തെത്തിയ ഡോ. ഖാസിക്, ജിസ്മോന് എന്നിവര്‍ കരയിലേക്കു നീന്തി. ഇവരെ രണ്ടുപേരെയും അബ്ദുൾ ഹഖ് വലിച്ചു കരയിലേക്ക് കയറ്റി. തുടർന്ന് വാഹനത്തിനടുത്തേക്ക് നീന്തിയെത്തിയ അബ്ദുല്‍ ഹഖ് തമന്നയെ കയര്‍ കെട്ടിവലിച്ചു കരയിലെത്തിക്കുകയായിരുന്നു. ഇതിനിടെ കാര്‍ പൂര്‍ണമായും മുങ്ങി. അജ്മല്‍ ആസിഫും അദ്വൈതും കാറിന്റെ വാതില്‍ തുറന്ന് പുറത്തുകടന്നെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. അദ്വൈതാണ് കാര്‍ ഓടിച്ചിരുന്നത്. അജ്മൽ മുന്‍ സീറ്റിലാണ് ഇരുന്നത്. പുലര്‍ച്ചെ മൂന്നരയോടെയാണ് രണ്ടു മൃതദേഹങ്ങളും പുറത്തെടുത്തത്. പിന്നീട് ക്രാഫ്റ്റ് ആശുപത്രിയിലേക്കു മാറ്റി.
ഡോ. അജ്മൽ ആസിഫിന്റെ സംസ്കാരം നടത്തി. പാപ്പിനിവട്ടം സഹകരണ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ഒഫൂറിന്റെയും മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ഹഫ്സയുടെയും മകനാണ് ഡോ. അജ്മല്‍. സഹോദരങ്ങള്‍: ഡോ. അജ്മി, അല്‍ഫാസ്.
കൊല്ലം പാലത്തറ ബോധിനഗർ 254 തുണ്ടിൽ വീട്ടിൽ ജി. മംഗളഭാനുവിന്റെയും (റിട്ട. പ്രിൻസിപ്പൽ, ജിഎച്ച്എസ്എസ് കരുനാഗപ്പള്ളി) സുപ്രിയ (റിട്ട. ക്ലാർക്ക്, വി.എച്ച്എസ്എസ് കൊറ്റംകുളങ്ങര ചവറ) യുടെയും ഏക മകനാണ് അദ്വൈത്. സംസ്കാരം ഇന്ന് 11.30-ന് കൊല്ലം ചവറ അറയ്ക്കൽ ക്ഷേത്രത്തിന് സമീപം അമ്മയുടെ കുടുംബവീടായ പത്തിശേരി വീട്ടുവളപ്പിൽ നടക്കും.