കുടുംബശ്രീ പെണ്‍കരുത്തിന്റെ പ്രസ്ഥാനം: മന്ത്രി എം.ബി. രാജേഷ്
Monday, October 2, 2023 5:05 AM IST
പാലക്കാട്: സാമൂഹിക-സാന്പത്തിക-രാഷ്ട്രീയമായി സ്ത്രീകളെ ശക്തീകരിച്ചിട്ടുള്ള പെണ്‍കരുത്തിന്റെ പ്രസ്ഥാനമാണു കുടുംബശ്രീയെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തിരികെ സ്കൂളിൽ അയൽക്കൂട്ടതല സംഘടനാ സംവിധാനം മെച്ചപ്പെടുത്തൽ കാന്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃത്താല ഡോ. കെ.ബി. മേനോൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിത നിലവാരം, സാമൂഹിക സാന്പത്തിക സൂചകങ്ങൾ, മാനവ പുരോഗതി തുടങ്ങിയ കാര്യങ്ങളിൽ നീതി ആയോഗ് ഉൾപ്പെടെയുള്ള അന്തർദേശീയ ഏജൻസികളുടെ സൂചികകളിൽ സംസ്ഥാനത്തെ ഒന്നാമതായി ഉയർത്തുന്നതിൽ സഹകരണം, ഗ്രന്ഥശാല, കുടുംബശ്രീ പ്രസ്ഥാനങ്ങൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്കൂളിലെ ബെല്ലടിച്ച് മന്ത്രി എം.ബി. രാജേഷ് കുടുംബശ്രീ അംഗങ്ങളെ തിരികെ ക്ലാസിലേക്കു നയിച്ചു. പരിപാടിയിൽ ആദിവാസി മേഖലയിൽനടപ്പാക്കുന്ന പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പ്രത്യേക അയൽക്കൂട്ടം വിളിച്ചുചേർക്കൽ കർമപദ്ധതി നമ്മകൂട്ടം കാന്പയിന്റെ പോസ്റ്റർ മന്ത്രി എം.ബി. രാജേഷ് കില ഡയറക്ടർ ജോയ് ഇളമണിനു നൽകി പ്രകാശനം ചെയ്തു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അധ്യക്ഷയായി. ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര മുഖ്യാതിഥിയായി. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ, കുടുംബശ്രീ സംസ്ഥാന മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.