സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാരുടെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും
Monday, October 2, 2023 5:05 AM IST
കൊച്ചി: കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സിബിഎസ്ഇ പ്രിൻസിപ്പൽമാരുടെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും കൊച്ചിയിൽ നടക്കും. കലൂർ ഗോകുലം പാർക്ക് ആൻഡ് കണ്വൻഷൻ സെന്ററിൽ ഇന്നു രാവിലെ 9.30ന് കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ് പ്രസിഡന്റ് റവ.ഡോ. സിജൻ പോൾ ഊന്നുകല്ലേൽ അധ്യക്ഷത വഹിക്കും.
മഹാത്മാഗാന്ധി അനുസ്മരണവും നടത്തും. പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ജീവിത പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന തോൽപാവക്കൂത്ത് അരങ്ങേറും. സിബിഎസ്ഇ തിരുവനന്തപുരം റീജണൽ ഓഫീസർ മഹേഷ് ധർമ്മാധികാരി മുഖ്യപ്രഭാഷണം നടത്തും.
കോണ്‍ഫെഡറേഷൻ ജനറൽ സെക്രട്ടറി ജോജി പോൾ, ട്രഷറർ ഡോ. ദിനേഷ് ബാബു, ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രഫ. ഡെബാഷിഷ് ചാറ്റർജി, ഡോ. ജിതേന്ദ്ര നാഗ്പാൽ, ഡോ. ആർ. മേഘനാഥൻ, വിജയ് മേനോൻ, സിബിഎസ്ഇ സിഒഇ ലഘൻലാൽ മീണ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.
കോണ്‍ഫറൻസിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ വിദഗ്ധർ പ്രസംഗിക്കും. പ്രിൻസിപ്പൽമാരുടെ 14-ാമത് കോണ്‍ഫറൻസിൽ കേരളത്തിലെ ആയിരത്തോളം സ്കൂളുകളിൽനിന്നുള്ള പ്രിൻസിപ്പൽമാർ പങ്കെടുക്കും. നാളെ വൈകുന്നേരം 4.30ന് കോണ്‍ഫറൻസ് സമാപിക്കുമെന്ന് റവ.ഡോ. സിജൻ പോൾ ഊന്നുകല്ലേൽ അറിയിച്ചു.