ഒഇസി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നിഷേധിക്കുന്നുവെന്ന് പരാതി
Monday, October 2, 2023 5:05 AM IST
കോട്ടയം: ഒഇസി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നിഷേധിച്ച് സര്‍ക്കാര്‍. മൂന്നു വര്‍ഷത്തിലേറെയായി ഒഇസി വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്‍ഡ് ലഭിക്കുന്നില്ല. മറ്റ് സ്കോളര്‍ഷിപ്പുകള്‍ അടക്കം നല്കാന് സര്‍ക്കാര്‍ ശ്രദ്ധവയ്ക്കുമ്പോഴാണ് ഒഇസി വിദ്യാര്‍ഥികളോടുള്ള നീതി നിഷേധം. വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തുന്ന സംവിധാനമായതിനാല്‍ കോളജുകളിലോ സ്കൂളിലോ വിദ്യാര്‍ഥികള്‍ക്ക് പരാതിപ്പെടാന്‍ കഴിയില്ല.
പിന്നാക്ക വിഭാഗ വികസന (ബിസിഡി) വകുപ്പാണ് ഒഇസി വിദ്യാര്‍ഥികളുടെ സ്റ്റൈപ്പന്‍ഡ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതാണ് സ്റ്റൈപ്പന്‍ഡ് വിതരണം ചെയ്യാത്തതെന്ന് ബിസിഡി വകുപ്പ് പറയുന്നു. ഈ ഗ്രാന്‍ഡ് പോര്‍ട്ടലില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്‍ഡ് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും അക്കൗണ്ടില്‍ പണം എത്തുന്നില്ല.
പഠനം പൂര്‍ത്തിയാക്കിയാലും ഈ പണം വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് വകുപ്പ് പറയുന്നത്. എന്നാല്‍ പഠന സഹായം പഠനകാലത്ത് ലഭിക്കേണ്ടതല്ലേയെന്നാണ് വിദ്യാര്‍ഥികളുടെ ചോദ്യം. എസ് സി, എസ്ടി വിദ്യാര്‍ഥികളുടെ ഗ്രാന്‍ഡും വൈകുന്നതായി പരാതയുണ്ട്.